മണിപ്പൂർ വംശീയ കലാപം: മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശത്തിന്റെ ഫോറൻസിക് റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ മെയ്തെയ്- കുക്കി വംശീയാതിക്രമങ്ങളിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ശബ്ദസന്ദേശത്തിന്റെ ആധികാരികത വ്യക്തമാക്കുന്ന ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് തേടി സുപ്രീംകോടതി. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ആറാഴ്ചക്കകം സീൽവെച്ച കവറിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ്കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം. കലാപത്തിന് മുമ്പായി ആയുധങ്ങൾ കൊള്ളയടിക്കാൻ മുഖ്യമന്ത്രി ബിരേൻ സിങ് മെയ്തെയ് ഭാഗത്തെ അനുവദിച്ചെന്ന് പറയുന്നതാണ് ഓഡിയോ ടേപ്. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ഗൗരവമുള്ളതാണെന്നും ഇതിന്റെ കേട്ടെഴുത്ത് ഹരജിക്കൊപ്പം ചേർത്തിട്ടുണ്ടെന്നും ഭൂഷൺ അറിയിച്ചു.
അതേസമയം ഹരജിക്കാരുടെ ഉദ്ദേശ്യശുദ്ധിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യംചെയ്തു. ഹരജിക്കാർക്ക് പക്ഷപാതിത്വമുണ്ടെന്നും സ്ഥിതിഗതികൾ വഷളാക്കാനേ ഇത് ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിതര ലാബിൽ നടത്തിയ പരിശോധനയിൽ ശബ്ദം മുഖ്യമന്ത്രിയുടേതുമായി 93 ശതമാനം യോജിക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ, റിപ്പോർട്ടിന്റെ ആധികാരികതയിൽ തുഷാർമേത്ത സംശയം പ്രകടിപ്പിച്ചു. എന്നാൽ, ‘ട്രൂത്ത് ലാബ്സ്’ന്റെ റിപ്പോർട്ട് സർക്കാർ ലാബുകളെക്കാൾ വിശ്വസനീയമായിരിക്കുമെന്ന് ഭൂഷൺ വാദിച്ചു. ഇതോടെയാണ് ആദ്യം ഫോറൻസിക് റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കിയത്. മണിപ്പൂർ സാവധാനം സമാധാനത്തിലേക്ക് മടങ്ങിവരികയാണ്. ഹരജി സുപ്രീംകോടതിയാണോ ഹൈകോടതിയാണോ കേൾക്കേണ്ടത് എന്നത് സംബന്ധിച്ചും തീരുമാനിക്കേണ്ടതുണ്ടെന്ന് കോടതി പരാമർശിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി ഒരുക്കിയ അത്താഴവിരുന്നിൽ താൻ പങ്കെടുത്തിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ വെളിപ്പെടുത്തി. കേസ് കേൾക്കുന്നതിൽനിന്ന് താൻ പിന്മാറണോ എന്നും ഹരജിക്കാരോട് അദ്ദേഹം ആരാഞ്ഞു. അതിൽ പ്രശ്നമില്ലെന്ന് പ്രശാന്ത് ഭൂഷൺ അറിയിച്ചു. കഴിഞ്ഞവർഷം നവംബർ എട്ടിന് ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത സൂചിപ്പിക്കുന്ന വസ്തുക്കൾ ഹാജരാക്കാൻ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കുക്കി സംഘടനയോട് നിർദേശിച്ചിരുന്നു. ഹരജി മാർച്ച് 24ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.