മണിപ്പൂരിൽ വീണ്ടും സംഘർഷം... മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തം, 20ലധികം പേർക്ക് പരിക്ക്
text_fieldsഇംഫാൽ: മണിപ്പൂരിൽ തുടരുന്ന സംഘർഷാവസ്ഥക്കിടെ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിന്റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച നടന്ന മാർച്ചിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 20ലധികം പേർക്ക് പരിക്കേറ്റു. സിവിൽ സൊസൈറ്റി സംഘടനയായ കോർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (കൊകോമി)യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഏപ്രിൽ ഏഴിന് ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലോബിയിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുട്ടികളുടെ കൊലപാതകത്തിൽ നീതി വേണമെന്നും, ഏപ്രിൽ ഏഴിനുണ്ടായ സി.ആർ.പി.എഫ് വെടിവയ്പ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.
അതീവ സുരക്ഷ മേഖലയിലെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിക്കടക്കാൻ ശ്രമിച്ചതോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. കെയ്ഷാംപട്ട്, ലാംലോങ്, ഇമ കെയ്തൽ, സിങ്ജമീ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് ഇംഫാലിലെ വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചുപൂട്ടി. ജനജീവിതം പൂർണമായും സ്തംഭിച്ചു.
അതേസമയം, പ്രതിഷേധക്കാരുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കാണുകയും തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ച് മെമോറാണ്ടം സമർപ്പിക്കുകയും ചെയ്തു. ചർച്ചകളിലൂടെ മാത്രമേ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സമാധാനം നിലനിർത്താൻ ജനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

