മണിപ്പൂരിൽ സായുധ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു; 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്ത് നാഗ വിഭാഗം
text_fields(ഫയൽ ചിത്രം)
ഇംഫാൽ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ നാല് ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപമുള്ള പിലോങ് ഗ്രാമത്തിലാണ് സംഭവം. അതിർത്തി കടന്നെത്തിയതെന്ന് സംശയിക്കുന്ന സായുധ അക്രമികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. മ്യാൻമർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ കുക്കി നാഷണൽ ആർമി-ബർമയുടെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ ഫാമി ജാജോ (43), നിങ്തം കാഷാക് (35), ബെറ്റേഴ്സൺ ജാജോ (50), വരേഷിം ജാജോ (67) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കാംജോങ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിടെ രക്ഷപ്പെട്ട പ്രദേശവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ആയുധ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രാമവാസികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ടങ്ഖുൽ നാഗാ ലോങ് (ടി.എൻ.എൽ) എന്ന നാഗാ സംഘടനയുടെ നേതൃത്വത്തിൽ 24 മണിക്കൂർ അടിയന്തര ബന്ദിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ സംഘടനയുടെ അധികാരപരിധിക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ബന്ദ് കർശനമായി നടപ്പിലാക്കിവരികയാണ്. കുക്കി നാഷണൽ ആർമി-ബർമ തീവ്രവാദികളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും നാഗാ സംഘടനകൾ ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രതയും സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

