മണിപ്പൂരിൽ അനിശ്ചിതത്വം: മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ഗവർണർ
text_fieldsഇംഫാൽ: മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ ക്ഷണിച്ചെന്ന വാർത്ത തള്ളി രാജ്ഭവൻ. സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ച് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഗവര്‍ണര്‍ നജ്മ ഹിബ്തുല്ലയെ സന്ദർശിച്ചിരുന്നു. എന്നാൽ തൂക്കുസഭ വന്നതിനാൽ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രിയാണ് ഗവർണർ നജ്മ ഹിബ്തുല്ലയെ കണ്ടത്. എന്നാൽ, ചട്ടപ്രകാരം മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള വഴിയൊരുക്കാൻ ഗവർണർ ഇബോബി സിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു.
കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുവെന്നും മാർച്ച് 18 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കോൺഗ്രസ് ആവശ്യമുന്നയിക്കുക മാത്രമാണ് ചെയ്തതെന്ന് ഗവർണറുടെ ഒാഫീസ് വൃത്തങ്ങൾ അറിയിച്ചു. സർക്കാർ രൂപീകരണത്തിൽ നിർണായക സാന്നിധ്യമായ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഇരു പാർട്ടികളും അവകാശപ്പെടുന്നുണ്ട്. അതിനാൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് മണിപ്പുരിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
മണിപ്പൂരിലെ 60 അംഗ സഭയിൽ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകൾ നേടി കോൺഗ്രസ് ഒറ്റകക്ഷിയായെങ്കിലും ഇതുവരെ മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ല.
21 സീറ്റ് നേടിയ ബി.ജെ.പിക്ക് നാല് സീറ്റുകളുള്ള നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയും ഒരു സീറ്റുള്ള ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സീറ്റുള്ള നാഗ പീപ്ള്‍സ് ഫ്രണ്ട് കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയെയും പിന്തുണക്കാമെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടരുന്നതിനിടെയാണ് ഗവർണർ കോൺഗ്രസിനെ ക്ഷണിച്ചിരിക്കുന്നത്. 15 വർഷമായി കോൺഗ്രസ് തട്ടകമായ മണിപ്പൂരിനെ നഷ്ടപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. അതിനാൽ ഭരണം നിലനിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
