‘പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു’; മണിപ്പൂരിൽ ബി.ജെ.പി വക്താവ് പാർട്ടിവിട്ടു
text_fieldsഇംഫാൽ: മണിപ്പൂരിൽ തുടരുന്ന പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവ് ഇളങ്‌ബാം ജോൺസൺ പാർട്ടി വിട്ടു. കലാപം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
വെള്ളിയാഴ്ചയാണ് ബി.ജെ.പിയിൽനിന്ന് രാജിവെക്കുന്നതായി ഇളങ്‌ബാം ജോൺസൺ അറിയിച്ചത്. തന്റെ അനുയായികളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി അക്രമം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നുമുതൽ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സംബന്ധിച്ച കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കഴിയാത്തതിന്റെ പേരിൽ ബി.ജെ.പി മണിപ്പൂർ ഘടകത്തെ അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം പൂർണമായും നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മണിപ്പൂരിലെ പാർട്ടി വക്താവായിരുന്നു ഇളങ്‌ബാം ജോൺസൺ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇംഫാൽ താഴ്‌വരയിലെ കെയ്ഷാംതോങ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

