മണിപ്പൂരിൽ മടങ്ങിവരുമോ കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2017ൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി അധികാരം പിടിച്ച സംസ്ഥാനമാണ് മണിപ്പൂർ. എൻ.ഡി.എ സഖ്യത്തിനൊപ്പമുണ്ടായിരുന്ന നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) ഇക്കുറി ഒരു ഡസനോളം സ്ഥാനാർഥികളെ കളത്തിലിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയുമായി സഖ്യം തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. നാഷനൽ പീപ്ൾസ് പാർട്ടി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുമെന്ന് പാർട്ടി അധ്യക്ഷൻ കോൺറാഡ് സാങ്മ വ്യക്തമാക്കി കഴിഞ്ഞു.
പ്രാദേശിക കക്ഷികളെ ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും ഈ തെരഞ്ഞെടുപ്പിൽ അവർ തകർന്ന് തരിപ്പണമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ലോകേൻ സിങ് പറയുന്നു. അതേസമയം, കോണ്ഗ്രസ് വര്ക്കിങ് പ്രസിഡന്റ് കൂടിയായ കോറുങ്താങ് എം.എൽ.എ, ഗോവിന്ദാസ് കൊന്തൗജം അടക്കമുള്ള നേതാക്കൾ അടുത്തിടെ രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയാകുമോ എന്നറിയാൻ മാർച്ച് 10 വരെ കാത്തിരിക്കണം. മണിപ്പൂരിൽ അടുത്തിടെ കമാൻഡിങ് ഓഫിസർ തന്നെ കൊല്ലപ്പെട്ട ഭീകരാക്രമണവും അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതും മുൻ നിർത്തി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയാവും കോൺഗ്രസ് പ്രചാരണം.
തങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തീരുമാനിക്കുന്ന കാര്യം അഫ്സ്പ പിൻവലിക്കൽ ആയിരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ, വികസനവും സമാധാനവും ജനമറിഞ്ഞ വർഷങ്ങളാണ് ബി.ജെ.പി സർക്കാറിന് കാഴ്ച വെക്കാനായത് എന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. അടുത്തിടെ മണിപ്പൂരിൽ 1,850 കോടിയുടെ 13 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൂണ്ടിക്കാണിക്കുന്നത് വികസനമന്ത്രമാണ്. ഇന്ത്യൻ സർക്കാറിനെ മുഴുവനായി മണിപ്പൂരിന്റെ പടിവാതിലിൽ എത്തിച്ചുവെന്നാണ് മോദി അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

