ഡി.എം.കെയുടെ കടുത്ത വിമർശകൻ ബി. മാണിക്കം ടാഗോർ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ; ടി.വി.കെയുമായി കോൺഗ്രസ് കൂടുതൽ അടുക്കുന്നതിന്റെ സൂചന
text_fieldsചെന്നൈ: ലോക്സഭയിലെ കോൺഗ്രസ് വിപ്പ് ബി. മാണിക്കം ടാഗോറിനെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടി.എൻ.സി.സി) അധ്യക്ഷനായി നിയമിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ അധ്യക്ഷനായ കെ. സെൽവപെരുന്തഗൈയെ മാറ്റിയാണ് മാണിക്കത്തിനെ നിയമിച്ചത്.
വിരുദുനഗറിൽനിന്ന് മൂന്നാം തവണയും ലോക്സഭാ എം.പിയായ മാണിക്കം ഡി.എം.കെയുടെ കടുത്ത വിമർശകൻ കൂടിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെയുമായി സഖ്യമുണ്ടാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഡി.എം.കെയിൽനിന്ന് പൂർണമായും അകന്ന് ടി.വി.കെയുമായി കൂടുതൽ അടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് മാണിക്യത്തിന്റെ നിയമനം.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് കെ. സെൽവപെരുന്തഗൈ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ, മുഖ്യമന്ത്രി വിജയിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ചതിനു തൊട്ടുപിന്നാലെയാണ് സെൽവപ്പെരുന്തഗൈയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രി വിജയ് പരിഹസിച്ചതിനെ സെൽവപ്പെരുന്തഗൈ ശക്തമായി വിമർശിച്ചിരുന്നു. സെൽവപ്പെരുന്തഗൈയുടെ പ്രവർത്തനങ്ങളിൽ തമിഴ്‌നാട്ടിലെ ഒരു വിഭാഗം നേതാക്കളും ഹൈക്കമാൻഡും അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഡി.എം.കെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ടി.വി.കെ മുന്നണിയിൽ ചേരണമെന്ന് മാണിക്കം ടാഗോറും അനുകൂലികളും ശക്തമായി വാദിച്ചപ്പോൾ സഖ്യം തുടരണമെന്ന നിലപാടിലായിരുന്നു സെൽവപ്പെരുന്തഗൈ. കൂടുതൽ സീറ്റുകൾ വേണമെന്നും ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും മാണിക്കം പരസ്യമായി ആവശ്യപ്പെട്ടത് ഡി.എം.കെ നേതൃത്വവുമായി വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. നിലവിൽ ടി.വി.കെ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ്, സഖ്യത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

