മണിക് സർക്കാറിൽനിന്ന് മോദി സർക്കാറിലേക്ക്
text_fieldsഅഗർതല: സി.പി.എമ്മിെൻറ രാഷ്ട്രീയ പ്രതീകമായിരുന്നു ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. നാലുതവണ മുഖ്യമന്ത്രിയായിട്ടും രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി. കൈവശം 1520 രൂപ മാത്രം, ബാങ്ക് അക്കൗണ്ടിൽ 2410 രൂപയും. നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം, 69കാരനായ പോളിറ്റ്ബ്യൂറോ അംഗത്തിെൻറ സംശുദ്ധമായ പൊതുജീവിത സാക്ഷ്യമായിരുന്നു. 1998 മുതൽ മുഖ്യമന്ത്രിയാണ് അദ്ദേഹം. സ്വന്തമായി കാറില്ല, മൊബൈൽ ഫോണില്ല, ഇ-മെയിൽ അക്കൗണ്ടില്ല. ജീവിതച്ചെലവിന് പാർട്ടിയാണ് 9700 രൂപ നൽകുന്നത്. ഭാര്യ പാഞ്ചലി ഭട്ടാചാർജി സർക്കാർ കാർ ഉപേയാഗിക്കാറില്ല, ഒാേട്ടാറിക്ഷയിലും ബസിലുമാണ് യാത്ര. കുടുംബസ്വത്തായി കിട്ടിയ 21 ലക്ഷം രൂപയുടെ കെട്ടിടവും 20 ഗ്രാം സ്വർണാഭരണവുമാണ് ഇവർക്കുള്ളത്.
മണിക് സർക്കാർ എന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ആയിരുന്നു ത്രിപുരയിൽ സി.പി.എമ്മിെൻറ തുറുപ്പുശീട്ട്. പേക്ഷ, ഇൗ രാഷ്ട്രീയ ബിംബം ബി.ജെ.പിയുടെ തന്ത്രങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞു.
മൂന്നു വർഷമായി ബി.ജെ.പിയും ആർ.എസ്.എസും ത്രിപുരയുടെ മണ്ണിളക്കാൻ തുടങ്ങിയിട്ട്. കേന്ദ്രഭരണത്തിെൻറ തണലിലായിരുന്നു തന്ത്രങ്ങളൊരുക്കിയത്. യഥാർഥ പ്രതിപക്ഷമായ കോൺഗ്രസിെൻറ അലസത കൂടിയായപ്പോൾ കാൽനൂറ്റാണ്ടായി തുടരുന്ന ഭരണത്തിനെതിരെ സ്വഭാവികമായുണ്ടാകാനിടയുള്ള വികാരം മുതലാക്കാൻ ബി.ജെ.പിക്കായി. ബി.ജെ.പിയുടെ ഏറ്റവും പ്രധാന രാഷ്ട്രീയ നീക്കമായിരുന്നു, ഗോത്രവർഗ പാർട്ടിയായ ഇൻഡിജീനിയസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുരയുമായുള്ള സഖ്യം. ആദിവാസി മേഖലകളിൽ പാർട്ടിക്ക് കടന്നുകയറാനായത് ഇൗ സഖ്യത്തിലൂടെയാണ്.
സി.പി.എം ഭരണം അട്ടിമറിക്കാനുള്ള തന്ത്രത്തിന് ചുക്കാൻ പിടിച്ചത് ആർ.എസ്.എസാണ്. വാരാണസിയിൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച ആർ.എസ്.എസ് നേതാവ് സുനിൽ ദിയോദറിനെയാണ് ത്രിപുരയിലേക്കയച്ചത്.
അദ്ദേഹം അടിത്തട്ടിൽനിന്ന് പ്രവർത്തനം തുടങ്ങി. ആർ.എസ്.എസ് ശാഖകൾ ശക്തിപ്പെടുത്തി. യുവാക്കൾക്കും കൃഷിക്കാർക്കും സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും വേണ്ടി പ്രത്യേക വിഭാഗങ്ങളുണ്ടാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാൻ കോൾ സെൻററുകൾ തുടങ്ങി.ഫോൺ നമ്പറുകൾ ശേഖരിച്ച് ബി.ജെ.പി സന്ദേശങ്ങൾ വാട്സ്ആപ് ചെയ്തു. സി.പി.എമ്മിന് കഴിയാത്ത സോഷ്യൽമീഡിയ വിപ്ലവത്തിലൂടെ പുതിയ തലമുറയെ കൈയിലെടുത്തു. കോൺഗ്രസിൽനിന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിലെടുത്തു. ഇതേതുടർന്ന് 2009ൽ 15,000 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്ക് രണ്ടുലക്ഷത്തോളം അംഗങ്ങളായി.
കേന്ദ്രമന്ത്രിമാർ നിരന്തരം ത്രിപുരയിലെത്തി മോദി സർക്കാറിെൻറ വാഗ്ദാനങ്ങൾ വിളമ്പി. മൂന്നു വർഷത്തിനിടെ സംസ്ഥാനം സന്ദർശിച്ചത് 52 കേന്ദ്രമന്ത്രിമാരാണ്. നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും നേരിട്ട് പ്രചാരണത്തിനിറങ്ങി. മണിക് സർക്കാർ ഭരണത്തെ പ്രതിക്കൂട്ടിലാക്കിയാണ് മോദി വികസനത്തെക്കുറിച്ച് സംസാരിച്ചത്.
തൊഴിലില്ലായ്മയും അഴിമതിയുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണായുദ്ധം. രാജ്യത്തെ ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്കായ 19.7 ശതമാനമാണ് ത്രിപുരയിലേതെന്ന ലേബർ ബ്യൂറോ കണക്ക് അവർ പയറ്റി. കോടികളുടെ റോസ് വാലി ചിറ്റ് ഫണ്ട് അഴിമതിയും മണിക് സർക്കാർ ഭരണത്തെ പ്രതിക്കൂട്ടിലാക്കി. മാറ്റത്തിനുവേണ്ടി വോട്ടുചെയ്യാനുള്ള മോദിയുടെ ആഹ്വാനം അങ്ങനെ ഫലിച്ചു.
ഇതോടൊപ്പം, കോൺഗ്രസ് വോട്ടുബാങ്കിെൻറ ചോർച്ചയും ബി.ജെ.പിക്ക് ഗുണകരമായി. 2013ൽ 36.53 ശതമാനം വോട്ടുനേടിയ കോൺഗ്രസ് ഇത്തവണ 1.8 ശതമാനത്തിലൊതുങ്ങി.
പാർട്ടിയുടെ ദേശീയ നേതൃത്വവും ത്രിപുരയിൽ അലസമായിരുന്നു. പ്രചാരണത്തിെൻറ അവസാനദിനം ഒരു യോഗത്തിൽ മാത്രമാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. സി.പി.എമ്മിന് ബദലായി കോൺഗ്രസിന് ഉയർന്നുവരാനാകാത്തത് ബി.ജെ.പിയുടെ വോട്ടുബാങ്കിന് കരുത്തേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
