ചെന്നൈ: സേലം-ചെന്നൈ എട്ടുവരി അതിവേഗ പാതക്കെതിരായ സമരത്തിൽ പങ്കെടുക്കാനെത്തിയ സ്വരാജ് ഇന്ത്യ പാർട്ടി നേതാവും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവ് പൊലീസ് കസ്റ്റഡിയിൽ. എക്സ്പ്രസ് ഹൈവേക്കെതിരെ തിരുവണ്ണാമലൈയിൽ സമരരംഗത്തുള്ള കർഷകരുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം.
വാഹനം തടഞ്ഞുനിര്‍ത്തി യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊബൈല്‍ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. യാദവ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്‌നാട് പോലീസില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാർ ക്ഷണിച്ചതിനെ തുടർന്നാണ് താൻ അവിടേക്ക് പോയത്. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനും കാര്യങ്ങൾ പഠിക്കുന്നതിനുമാണ് പോയതെന്നും യാദവ് 'ദ ഹിന്ദു' പത്രത്തിനോട് പറഞ്ഞു.