മംഗളൂരു: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതിനെത്തുടർന്നുണ്ടായ നേരിയ വാക്കേറ്റങ്ങൾ ഒഴിച്ചാൽ ദക്ഷിണ കന്നട ജില്ലകളിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം. കർണാടകയിലെ കേരളം എന്ന് വിശേഷിപ്പിക്കാവുന്ന ദക്ഷിണ കന്നട ജില്ലയിലും ഉടുപ്പിയിലും സ്ഥാനാർഥികളും നേതാക്കളും നേരത്തെ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. കേരളം അതിരിടുന്ന മംഗളൂരു(ഉള്ളാൾ)മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യ.ടി.ഖാദർ ബൊളിയാർ പ്രൈമറി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ദക്ഷിണ കന്നട എം.പിയും കേരള ചുമതലയുള്ള ബി.ജെ.പി നേതാവുമായ നളിൻ കുമാർ കട്ടീൽ ഉർവ്വ ഗാന്ധിനഗർ ബൂത്തിൽ വോട്ട് ചെയ്തു. ജില്ല ആസ്ഥാന മണ്ഡലം മംഗളൂരു സൗത്ത് കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിംഗ് എം.എൽ.എയുമായ ജെ.ആർ.ലോബോ ബെണ്ഡോരെ സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ വോട്ട് ചെയ്തു.
ഉടുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജ് മൽപെ ശ്രീനാരായണ ഗുരു ഇംഗ്ലീഷ് മീഡിയം സ്കൂളിലും മുൻമന്ത്രി വിനയകുമാർ സൊറകെ എം.എൽ.എ ഉടുപ്പി വനിത കോളജിലും വോട്ട് രേഖപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫർണാണ്ടസ് എം.പി അജർക്കാട് വിവേകാനന്ദ സ്കൂളിലാണ് വോട്ട് ചെയ്തത്.
വനിതകൾക്ക് മാത്രമായുള്ള ഉടുപ്പി ക്രിസ്ത്യൻ സ്കൂളിലെ പിങ്ക് ബൂത്ത്, കുക്കികട്ടെ സ്കൂൾ, ഉപ്പിനങ്ങാടി സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് ഇ.വി.എം യന്ത്രങ്ങൾ തകരാറായത്. ഇതേത്തുടർന്ന് പോളിങ് ഉദ്യോഗസ്ഥരോട് കയർത്ത് ബൂത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച വോട്ടർമാരെ പൊലീസ് തടഞ്ഞു. ഏറെ ക്യൂവിൽ നിന്നിട്ടും യന്ത്രം നേരെയാവാത്തതിനെത്തുടർന്ന് ഉപ്പിനങ്ങാടി ബൂത്തിലെ വോട്ടർമാർ വീട്ടിലേക്ക് മടങ്ങി. തലേന്ന് പെയ്ത മഴകാരണം തണുപ്പേറ്റതാണ് യന്ത്രം തകരാറാവാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
കാസർകോട്, കുടക് ജില്ലകൾ അതിരിടുന്ന സുള്ള്യ മണ്ഡലത്തിൽ മിക്ക ബൂത്തുകളിലും യന്ത്രത്തകരാർ കാരണം വൈകിയാണ് പോളിംഗ് തുടങ്ങിയത്. ഈ മേഖലയിൽ വെള്ളിയാഴ്ച രാത്രി കാറ്റും മഴയുമുണ്ടായിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ 1858 ബൂത്തുകളിലായി 17.12ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 58 സ്ഥാനാർഥികൾ ജനവിധി തേടുന്നു.