മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
text_fieldsമംഗളൂരു: മംഗളൂരു സെൻട്രൽ -തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മറ്റ് ഒമ്പത് ട്രയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നളിൻ കുമാർ കട്ടീൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. ബി.ജെ.പി നേതാക്കളായ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി, വേദവ്യാസ് കാമത്ത് എം.എൽ.എ, മംഗളൂരു മേയർ സുധീർ ഷെട്ടി കണ്ണൂർ, ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ഡി.ആർ.എം അരുൺകുമാർ ചതുർവേദി എന്നിവർ പങ്കെടുത്തു.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അർധരാത്രി 12.40ന് മംഗളൂരു സെൻട്രലിൽ എത്തുന്നതാണ് മടക്കയാത്രാ സമയം.

