മംഗളൂരു റിഫൈനറിസ്ഫോടനം; മരിച്ചയാൾക്ക് 1.2 കോടി നഷ്ടപരിഹാരം
text_fieldsമംഗളൂരു: സെപ്റ്റംബർ 30ന് മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ) ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരൻ ശനിയാഴ്ച നിര്യാതനായി. സൂറത്ത്കലിലെ രാജേഷ് ഡിസിൽവയാണ്(42) മരിച്ചത്.
എംആർപിഎൽ ഫേസ് മൂന്നിലെ കോക്കർ ഹൈഡ്രോ ട്രീറ്റിംഗ് യൂനിറ്റിൽ (സിഎച്ച്ടിയു) ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് ഡിസിൽവ. ഹാലിയങ്ങാടി സ്വദേശി മനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ബാപ്റ്റിസ്റ്റ് ഡിസിൽവയുടെ രണ്ട് ആൺമക്കളിലും മൂന്ന് പെൺമക്കളിലും ഒരാളായ രാജേഷ് ഡിസിൽവ അവിവാഹിതനാണ്. സൂറത്ത്കലിലെ ഇഡിയ ഗ്രാമത്തിലെ കാനയിൽ താമസിക്കുന്ന അദ്ദേഹം വർഷങ്ങളായി എംആർപിഎൽ ജീവനക്കാരനായിരുന്നു.
രാജേഷ് ഡിസിൽവയുടെ കുടുംബത്തിന് 1.2 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് എംആർപിഎൽ ഗ്രൂപ്പ് ജനറൽ മാനേജർ(എച്ച്ആർ) പ്രശാന്ത് ശങ്കർ പൊതുവാൾ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ചെലവുകളും വഹിക്കുന്നതുൾപ്പെടെ കുടുംബത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.‘ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. കുടുംബത്തിന് ഞങ്ങൾ പൂർണ പിന്തുണ നൽകുകയും 1.2 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യും. അവർ ഞങ്ങളുടെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്, നഷ്ടത്തിൽ ഞങ്ങൾ ശരിക്കും ദുഃഖിതരാണ്’- അദ്ദേഹം പറഞ്ഞു. സംഭവ ദിവസം മരിച്ച മനീഷിന്റെ കുടുംബത്തിനും 1.2 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

