മംഗളൂരു സ്ഫോടനം: അസം സ്വദേശിയെ കസ്റ്റഡിയിലെടുത്തു
text_fieldsനാഗർകോവിൽ: ശനിയാഴ്ച മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തിൽ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ ഫോൺ വിവരങ്ങളിൽ നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയുടെ നമ്പറും. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാസ്റ്റ് ഫുഡ് കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അജിജൂർറഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് വിശദീകരിക്കുന്നത്: കഴിഞ്ഞ സെപ്റ്റംബറിൽ അസം സ്വദേശി ജോലി ചെയ്യുന്ന കടയുടമയുടെ ഭാര്യക്ക് ഒരു ഫോൺ കാൾ വന്നു. മറുതലയ്ക്കൽ സംസാരിച്ച വ്യക്തിയുടെ ഭാഷ മനസ്സിലാകാത്തതിനാൽ അവർ ആ നമ്പർ അസം സ്വദേശിക്ക് നൽകി. അജിജൂർ റഹ്മാൻ അയാളുടെ ഫോണിൽനിന്ന് ആ നമ്പറിലേക്ക് വിളിച്ചു. സെപ്റ്റംബർ 26നായിരുന്നു ഇത്. അജിജൂർ റഹ്മാനും മറുതലയ്ക്കലെ ഭാഷ മനസ്സിലായില്ലെന്നാണ് കടയുടമയോട് പറഞ്ഞത്. ഇതിനുശേഷം ഈ മാസം 17ന് അജിജൂർ റഹ്മാന്റെ ഫോണിൽനിന്നും വീണ്ടും മംഗളൂരുവിലെ നമ്പറിലേക്ക് വിളിച്ചതായി വ്യക്തമായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നത്. തമിഴ്നാട് ഡി.ഐ.ജിയുടെ നിർദേശപ്രകാരം കന്യാകുമാരി എസ്.പി. ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

