മംഗളൂരുവിലെ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച; ജീവനക്കാരെ തോക്കുമുനയിൽ നിർത്തി 15 കോടി തട്ടിയെടുത്തു
text_fieldsമംഗളൂരു: മുഖം മറച്ചെത്തിയ ആറംഗ സായുധ സംഘം സഹകരണ ബാങ്കിൽനിന്ന് 15 കോടിയിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കൊള്ളയടിച്ചു. മംഗളൂരു ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിന്റെ കെ.സി റോഡ് ശാഖയിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. മുസ്ലിം ഭൂരിപക്ഷ മേഖലയായ ബി.സി റോഡിലെ കടകമ്പോളങ്ങൾ ജുമുഅ നമസ്കാരത്തിനായി അടച്ചതിനാൽ ടൗൺ വിജനമായ സമയത്താണ് കവർച്ച നടന്നത്.
തോക്കുകളും വാളുകളുമായി ബാങ്കിലേക്ക് ഇരച്ചുകയറിയ 30-35 പ്രായം തോന്നിക്കുന്ന ആക്രമിസംഘം മൂന്ന് വനിതകൾ ഉൾപ്പെടെ നാല് ജീവനക്കാരേയും സി.സി.ടി.വി ടെക്നീഷ്യനെയും തോക്കിൻ മുനയിൽ നിർത്തി. എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കവർച്ചക്കാർ ബാങ്കിന്റെ ലോക്കർ ബലമായി തുറന്ന് ആഭരണങ്ങൾ കൈക്കലാക്കി ചാരനിറത്തിലുള്ള ഫിയറ്റ് കാറിൽ രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത കടയിൽ ആഹാരം കഴിക്കാനെത്തിയ വിദ്യാർഥികൾ ബഹളം കേട്ട് ബാങ്കിലേക്ക് ചെന്നെങ്കിലും അവരെയും സംഘം ഭീഷണിപ്പെടുത്തി. കുട്ടികളോട് കന്നഡയിലും ബാങ്ക് ജീവനക്കാരോട് ഹിന്ദിയിലുമാണ് സംഘം സംസാരിച്ചതെന്ന് ദൃക്സാക്ഷി മൊഴികൾ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
ബാങ്കിലെ സി.സി.ടി.വി കാമറകൾ കേടായ അവസ്ഥയിലായിരുന്നു. ഇത് ശരിയാക്കുന്ന സമയം കൂടിയാണ് ആക്രമികൾ കവർച്ചക്ക് തിരഞ്ഞെടുത്തത്. വിരലടയാള വിദഗ്ധരുടെയും മറ്റ് അന്വേഷണ സംഘങ്ങളുടെയും സഹായത്തോടെ ഉള്ളാൾ പൊലീസ് തെളിവെടുപ്പ് നടത്തിവരുകയാണ്. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.