Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടലാസിലെ ഹോസ്റ്റൽ...

കടലാസിലെ ഹോസ്റ്റൽ കാമ്പസിൽ ഇല്ല; മംഗളൂരു യൂനിവേഴ്സിറ്റി അധികൃതർ കോടികൾ തട്ടി

text_fields
bookmark_border
കടലാസിലെ ഹോസ്റ്റൽ കാമ്പസിൽ ഇല്ല; മംഗളൂരു യൂനിവേഴ്സിറ്റി അധികൃതർ കോടികൾ തട്ടി
cancel
camera_alt

മംഗളൂരു സർവകലാശാല

മംഗളൂരു: വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകളുടെ നിർമാണത്തിനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റുസ) പ്രകാരം അനുവദിച്ച ഏഴ് കോടി രൂപ മംഗളൂരു സർവകലാശാല അധികൃതർ ദുരുപയോഗം ചെയ്തു. കർണാടക സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ (കെ.എസ്.എച്ച്.ഇ.സി) നടത്തിയ അന്വേഷണത്തിലാണ് കൃത്രിമം കണ്ടെത്തിയത്. കൗൺസിൽ അയച്ച നോട്ടീസിനുള്ള മറുപടിയിൽ വ്യാജ വിനിയോഗ രേഖകൾ (യു.സി) സമർപ്പിച്ചതായി സർവകലാശാല സമ്മതിച്ചു.

സർവകലാശാലയുടെ വികസന പദ്ധതി പ്രകാരം ആൺ, പെൺ വിദ്യാർഥികൾക്ക് വെവ്വേറെ ഹോസ്റ്റലുകൾക്കായി ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കെ. ബൈരപ്പ വൈസ് ചാൻസലറായ 2013നും 2018നും ഇടയിൽ ഫണ്ട് വിതരണം ചെയ്തിട്ടും നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് കെ.എസ്.എച്ച്.ഇ.സിയുടെ വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തി. പദ്ധതിക്കായി സർവകലാശാലക്ക് ആകെ 20 കോടി രൂപ ലഭിച്ചു.

രേഖകളിലെ ഹോസ്റ്റൽ കെട്ടിടങ്ങൾ കാമ്പസിൽ എങ്ങും കാണാത്തത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. രേഖകൾ ആവശ്യപ്പെട്ടപ്പോൾ, അന്താരാഷ്ട്ര ഹോസ്റ്റൽ നിർമിക്കുന്നതിനായി ഫണ്ട് വകമാറ്റിയെന്ന് അവകാശപ്പെട്ട് സർവകലാശാല അധികൃതർ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ നിർമിച്ചു എന്നാണ് സർവകലാശാല അവകാശപ്പെട്ടത്.

തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന പ്രോജക്ട് ഡയറക്ടർ യോഗത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു. ചർച്ചകൾക്ക് ശേഷം സർവകലാശാല അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ദുരുപയോഗം ചെയ്ത ഫണ്ട് തിരിച്ചുപിടിക്കാനും ഉത്തരവാദികൾക്ക് പിഴ ചുമത്താനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ ചെയ്തിട്ടുണ്ട്.

ചേരാനാളില്ല; നാല് പി.ജി കോഴ്സുകൾ നിർത്തുന്നു

പ്രവേശന എണ്ണം ഒറ്റ അക്കത്തിലോ ശൂന്യമോ ആവുന്ന അവസ്ഥയിൽ 2025–26 അധ്യയന വർഷത്തേക്കുള്ള നാല് ബിരുദാനന്തര (പി.ജി) പ്രോഗ്രാമുകൾ നിർത്തലാക്കാൻ മംഗളൂരു സർവകലാശാല തീരുമാനിച്ചു. ഇലക്ട്രോണിക്സ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം (എം.സി.ജെ), സ്റ്റാറ്റിസ്റ്റിക്സ്, എച്ച്.ആർ.ഡി എന്നിവയാണ് മോശം പ്രവേശനം കാരണം താൽക്കാലികമായി നിർത്തുന്ന പ്രോഗ്രാമുകളെന്ന് സർവകലാശാല വൈസ് ചാൻസലർ പി.എൽ. ധർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘വളരെ കുറഞ്ഞ എണ്ണം വിദ്യാർത്ഥികളെ വെച്ച് ഈ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ല. 2026–27 ൽ ആവശ്യത്തിന് അപേക്ഷകർ ഉണ്ടെങ്കിൽ, പ്രോഗ്രാം പുനരുജ്ജീവിപ്പിക്കും’ -അദ്ദേഹം പറഞ്ഞു.

15ൽ താഴെ വിദ്യാർഥികളുള്ള പി.ജി പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തലാക്കാൻ സർവകലാശാല ആദ്യം തീരുമാനിച്ചിരുന്നുവെന്ന് ധർമ്മ കൂട്ടിച്ചേർത്തു. പിന്നീട് 10 വിദ്യാർത്ഥികളെങ്കിലും ഉണ്ടെങ്കിൽ പോലും പ്രവേശനം തുടരാൻ തീരുമാനിച്ചു, കഴിഞ്ഞ വർഷം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് ഒരു വിദ്യാർത്ഥിയെയും ലഭിച്ചില്ല. എം.സി.ജെക്ക് ഒരാൾ മാത്രം. ഈ പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിന് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എച്ച്.ആർ.ഡി പ്രോഗ്രാമിന് സ്ഥിരം ഫാക്കൽറ്റി അംഗം ഉണ്ടായിരുന്നില്ല. കൊമേഴ്‌സ് വകുപ്പിലെ ഫാക്കൽറ്റി അംഗങ്ങളും ഗസ്റ്റ് ലക്ചറർമാരുമാണ് ഇത് കൈകാര്യം ചെയ്യുന്നത്.

സീനിയർ പ്രൊഫസർമാർ വിരമിച്ചതിനുശേഷം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനും സ്ഥിരം ഫാക്കൽറ്റി അംഗമില്ല. എംസിജെ, ഇലക്ട്രോണിക്സ് വകുപ്പുകളിൽ ഓരോന്നിനും ഒരു സ്ഥിരം ഫാക്കൽറ്റി അംഗമുണ്ട്. ജേണലിസം ഓപൺ ഇലക്റ്റീവ് പേപ്പറായി തെരഞ്ഞെടുത്ത വിദ്യാർഥികളെ എം.സി.ജെ വകുപ്പ് ഫാക്കൽറ്റി തുടർന്നും പഠിപ്പിക്കും. അതേസമയം ഇലക്ട്രോണിക്സ് വകുപ്പിലെ സ്ഥിരം ഫാക്കൽറ്റിയോട് സൈബർ സുരക്ഷാ പ്രോഗ്രാമിൽ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.സി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangalore universityrusa fundcorruptionmangalore news
News Summary - Mangalore University admit misusing Rs 7 crore RUSA funds
Next Story