
സ്വന്തം പരീക്ഷ എഴുതിയത് മറ്റൊരാൾ; എം.ബി.ബി.എസ് ബിരുദധാരി ഡൽഹിയിൽ പിടിയിൽ
text_fields
ന്യൂഡൽഹി: താജികിസ്താനിൽ എം.ബി.ബി.എസ് ബിരുദ പഠനം പൂർത്തിയാക്കിയയാൾ ഇന്ത്യയിൽ പ്രാക്ടീസ് നടത്താൻ ആവശ്യമായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്.എം.ജി.ഇ) മറ്റൊരാളെ കൊണ്ട് എഴുതിച്ചതിന് അറസ്റ്റിൽ. രാജസ്ഥാനിലെ പാലി സ്വദേശി മനോഹർ സിങ്ങാണ് പിടിയിലായത്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ ദേശീയ പരീക്ഷ ബോർഡ് (എൻ.ബി.ഇ) നടത്തുന്ന എഫ്.എം.ജി.ഇക്ക് മനോഹർ സിങ് സ്വന്തം പേര് രജിസ്റ്റർ ചെയ്തിരുന്നു. വിദേശത്തുജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ മറ്റു യൂനിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കിയാൽ ഇന്ത്യയിൽ സേവനത്തിന് ഈ പരീക്ഷ നിർബന്ധമായും വിജയകരമായി പൂർത്തിയാക്കണം. 2020 ഡിസംബർ നാലിനാണ് അവസാനമായി പരീക്ഷ നടന്നത്. ഡൽഹി മഥുര റോഡിലായിരുന്നു പരീക്ഷ കേന്ദ്രം.
പരീക്ഷ കേന്ദ്രത്തിൽ എടുത്ത ഫോട്ടോയും അപേക്ഷ ഫോമിലെ ഫോട്ടോയും തമ്മിലെ വ്യത്യാസം കണ്ട് ഫലം തടഞ്ഞുവെച്ചതായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ വിശദീകരണം നൽകിയതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റ് ചെയ്ത മനോഹർ സിങ്ങിന്‍റെ അഡ്മിറ്റ് കാർഡ്, എം.ബി.ബി.എസ് ബിരുദം, അപേക്ഷാ ഫോം എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി ഈ പരീക്ഷ കടമ്പ കടക്കാനാവാതെ കുഴയുകയാണെന്നും ഒടുവിൽ മറ്റൊരാളെ വെച്ച് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. നാലു ലക്ഷം രൂപ നൽകാമെന്ന വ്യവസ്ഥയിൽ ഒരു ഡോക്ടറാണ് പരീക്ഷ എഴുതിയത്. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
