വ്യാജ പി.എം.ഒ ഉദ്യോഗസ്ഥൻ, തോക്കുമായി ബോഡി ഗാർഡും; മോദിയുടെ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് രണ്ടുപേർ പിടിയിൽ
text_fieldsമുംബൈ: മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നടക്കുന്നതിന് മുമ്പായി തോക്കും വ്യാജ ഐ.ഡി കാർഡുമായി രണ്ടുപേർ പിടിയിൽ. ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കുന്ന പരിപാടിയുടെ സുരക്ഷാ പരിശോധനക്കിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കസ്റ്റഡിയിലെടുത്ത ഒരാളുടെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നും മറ്റൊരാൾ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (ജി.എഫ്.എഫ്) ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലമാണിത്.
വേദിയിൽ സുരക്ഷാ പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ ഒരാൾ നീക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 24 കാരനായ റോഹൻ പരേഖ് എന്നയാളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കൊപ്പം തോക്കുമായി മറ്റൊരാളെയും പിടികൂടുകയായിരുന്നു. ഇയാൾ റോഹൻ പരേഖിന്റെ ഗൺമാനാണെന്ന് അവകാശപ്പെട്ടിരുന്നു.
പരിശോധനക്കിടെ റോഹൻ പരേഖിന്റെ കൈയിലുണ്ടായിരുന്ന ഐ.ഡി കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത തോക്ക് ലൈസൻസുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ (ജി.എഫ്.എഫ്) ഏഴാമത് പതിപ്പ് സെപ്റ്റംബർ എട്ട് മുതൽ 11 വരെയാണ് മുംബൈയിൽ നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി. സംഭവത്തെ തുടർന്ന് സുരക്ഷാനിരീക്ഷണം കർശനമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

