പിതാവ് ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ചു: യുവതി ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ഭാര്യാപിതാവ് യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവ് തെൻറ മകളെ വിവാഹം കഴിച്ചതിലുള്ള പകയാണ് യുവാവിെൻറ കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവിെൻറ മരണത്തിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു. സംഭവത്തിൽ യുവതിയുടെ പിതാവ് ശ്രീനിവാസ റെഡ്ഢിയെ ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. മകനെ കാണാനില്ലെന്ന യുവാവിെൻറ കുടുംബം നൽകിയ പരാതിയിൽ നടത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തായത്.
അംബോജി നരേഷ് എന്ന 23കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പ് മുംബൈയിൽ വെച്ച് നരേഷും ശ്രീനിവാസ റെഡ്ഢിയുടെ മകൾ സ്വാതിയും വിവാഹം കഴിച്ചിരുന്നു. വിവാഹ വിവരം അറിഞ്ഞ സ്വാതിയുടെ വീട്ടുകാർ ഭർത്താവിനെയും കൂട്ടി വീട്ടിലേക്കു വരാൻ നിർബന്ധിച്ചു. ഇവർ ബസ് മാർഗം മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് തിരിച്ചു. എന്നാൽ ഹൈദരാബാദിന് 40 കിലോ മീറ്റർ അകലെ ഭോങ്ഗിറിൽ വെച്ച് നരേഷിനെ കാണാതാവുകയും സ്വാതിയെ രക്ഷിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുകയുമായിരുന്നു.
നരേഷിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മെയ് 15 ന് സ്വാതി ആത്മഹത്യ ചെയ്തതോടെ കേസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയും അന്വേഷണം ഉൗർജിതമാക്കുകയും ചെയ്തു. അന്വേഷണെൻറ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീനിവാസ റെഡ്ഢി നരേഷിനെ കൊലപ്പെടുത്തിയതായി മൊഴി നൽകി. മെയ് രണ്ടിന് നിർബന്ധിച്ച് സ്വാതിയെ കൊണ്ട് നരേഷിനെ ഒഴിഞ്ഞ പാടത്തേക്ക് വിളിച്ച് വരുത്തിപ്പിക്കുകയും സഹോദരെൻറയും മരുമകെൻറയും സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് മറവുചെയ്തെന്നും റെഡ്ഢി കുറ്റസമ്മതം നടത്തി. സ്വാതിയുടെ മുന്നിൽ വെച്ചാണ് നരേഷിനെ കൊലപ്പെടുത്തിയതെന്നും അതിൽ മനംനൊന്ത സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
