വിമാനത്തിൽ വെച്ച് കരണത്തടിയേറ്റ യുവാവിനെ കാണാതായി, പിന്നീട് 800 കിമീ അകലെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി
text_fieldsഗുവാഹതി: വിമാനയാത്രക്കിടെ പരിഭ്രാന്തനാവുകയും സഹയാത്രികന്റെ കരണത്തടിയേൽക്കുകയും ചെയ്ത യുവാവിനെ വിമാനത്തിൽനിന്നിറങ്ങിയശേഷം കാണാതായി. അസമിലെ കാച്ചാർ ജില്ലയിൽ നിന്നുള്ള 32 കാരനായ ഹുസൈൻ അഹമ്മദ് മജുംദാർ വ്യാഴാഴ്ച കൊൽക്കത്തയിൽ നിന്ന് സിൽച്ചറിലേക്കുള്ള കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യാനിരിക്കുകയായിരുന്നു. പിന്നീട് ഇയാളെ കൊൽക്കത്തയിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള അസമിലെ ബാർപേട്ട റെയിൽവേസ്റ്റേഷനിൽ കണ്ടെത്തി.
മുംബൈയിൽ നിന്ന് സിൽച്ചറിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 6E-138 യാത്ര ചെയ്യുന്നതിനിടെയാണ് 32 കാരനായ ഹുസൈൻ അസ്വസ്ഥനാവുകയും എയർ ഹോസ്റ്റസുമാർ അദ്ദേഹത്തെ സഹായിക്കുകയുമാരുന്നു. ഈ സമയത്താണ് സഹയാത്രികനായ ഹഫിജുൽ റഹ്മാൻ അദ്ദേഹത്തിെൻറ മുഖത്തടിച്ചത്. ഹുസൈൻ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കുന്നെന്ന പേരിലാണ് അടിച്ചതെന്ന് റഹ്മാൻ പറയുന്നു.വിമാനം കൊൽക്കത്തയിലെത്തിയ ശേഷം എയർപോർട്ട് അധികൃതരുടെ പരാതിയെ തുടർന്ന് റഹ്മാനെ പൊലീസിന് കൈമാറി.
മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായ ഹുസൈൻ ഈ റൂട്ടിലെ യാത്രക്കാരനാണ്. അദ്ദേഹത്തിന്റെ കുടുംബം വെള്ളിയാഴ്ച സിൽച്ചർ വിമാനത്താവളത്തിലെത്തിയെങ്കിലും ഹുസൈനെ കാണാഞ്ഞതിനാൽ പരാതി നൽകുകയായിരുന്നു.
വിമാനത്തിനുള്ളിലെ വൈറലായ വിഡിയോ കണ്ടശേഷം കുടുംബം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. അന്വേഷണത്തിൽ സിൽച്ചറിലേക്കുള്ള വിമാനത്തിൽ മജുംദാർ യാത്രചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ ബാർപെട്ട റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയുമായിരുന്നു. അസ്വസ്ഥനായി കാണപ്പെട്ട ഹുസൈനെ വീട്ടുകാരും പൊലീസും ചേർന്ന് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹുസൈനെ അകാരണമായി മർദിച്ച ഹഫിജുൽ റഹ്മാനെ ഇൻഡിഗോ എയർലൈനിന്റെ വിമാനങ്ങളിൽ യാത്രചെയ്യുന്നതിൽനിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

