ഗ്രാമത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്ന് ഉപാധി; മോഷണക്കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി
text_fieldsഭുവനേശ്വർ: ഗ്രാമത്തിൽ 200 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്ന ഉപാധിയോടെ മോഷണക്കേസ് പ്രതിക്ക് ജാമ്യം നൽകി ഒറീസ ഹൈകോടതി. വൈദ്യുത തൂണുകൾ മോഷ്ടിച്ച കേസിലെ പ്രതിക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് അടുത്ത രണ്ട് വർഷത്തേക്ക് അവയെ പരിപാലിക്കണമെന്നതാണ് ഉപാധി.
കഴിഞ്ഞ വർഷം ഡിസംബർ 25ന് വൈദ്യുതി വിതരണ കമ്പനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആറ് വൈദ്യുത തൂണുകൾ മോഷ്ടിച്ചതിനാണ് പൊലീസ് മനസ് ആതിയെന്നയാളെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.കെ. പാണിഗ്രഹി, കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിബന്ധനകളോടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്.
മാവ്, വേപ്പ്, പുളി എന്നിവയുൾപ്പെടെ 200 വൃക്ഷത്തൈകൾ അദ്ദേഹത്തിന്‍റെ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നടാൻ ഹൈകോടതി ഉത്തരവിട്ടു. സർക്കാറിന്‍റെ ഭൂമിയിലോ സ്വകാര്യ ഭൂമിയിലോ മരങ്ങൾ നട്ടുപിടിപ്പിക്കാമെന്ന് കോടതി വിധിച്ചു. ആവശ്യമായ തൈകൾ വിതരണം ചെയ്യാൻ ജില്ലാ നഴ്‌സറിയോട് കോടതി നിർദ്ദേശിച്ചു. നടുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ റവന്യൂ ഉദ്യോഗസ്ഥർ സഹായിക്കുമെന്നും കോടതി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.