കാർ അപകടത്തിൽനിന്ന് ഋഷഭ് പന്തിനെ രക്ഷിച്ചയാൾ വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ; കാമുകി മരിച്ചു
text_fieldsമുസാഫർനഗർ (ഉത്തർപ്രദേശ്): 2022ലെ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷപെടുത്തിയ യുവാവ്, കാമുകിക്കൊപ്പം വിഷം കഴിച്ചു. 25കാരനായ രജത്കുമാറും 21കാരിയായ മനു കശ്യപും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് അറിയിച്ചതോടെ, ഇരുവരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ മനു കശ്യപിന് ചികിത്സക്കിടെ ജീവൻ നഷ്ടമായി. രജത്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മുസാഫർനഗറിലെ ബുച്ചാബസ്തി ഗ്രാമത്തിലാണ് സംഭവം.
വ്യത്യസ്ത ജാതിയിൽനിന്നുള്ളവരായതിനാൽ വീട്ടുകാർ ബന്ധം എതിർത്തു. ഇതോടെ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷം കഴിച്ച് പിടയുകയായിരുന്ന കമിതാക്കളെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ, ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മനു കശ്യപിന് ജീവൻ നഷ്ടമായതിനു കാരണക്കാരൻ രജത് കുമാറാണെന്നും മകളെ തട്ടിക്കൊണ്ടുപോയി വിഷം കഴിപ്പിച്ചതാണെന്നും മാതാവ് ആരോപിച്ചു. അവർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
2022 ഡിസംബറിലായിരുന്നു ഋഷഭ് പന്തിന് കാറപകടത്തിൽ ഗുരുതര പരിക്കേറ്റത്. രജത് കുമാറിനൊപ്പം അയൽവാസിയായ നിഷുകുമാറും ചേർന്നാണ് പന്തിനെ കാറിൽനിന്ന് പുറത്തെടുക്കുകയും വൈദ്യസഹായം ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തതും. ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് റൂർക്കിയിൽവെച്ചാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിലിടിച്ച കാർ, കരണംമറിയുകയും തീപിടിക്കുകയും ചെയ്തു.
സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന രജത് കുമാറും നിഷു കുമാറും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. യുവാക്കളുടെ വേഗത്തിലുള്ള ഇടപെടൽ വലിയ പ്രശംസ നേടിക്കൊടുത്തു. ഇവർക്ക് പിന്നീട് പന്ത് സ്കൂട്ടറും മറ്റ് സമ്മാനങ്ങളും കൈമാറി. പരിക്കിൽനിന്ന് മോചിതനായ പന്ത് വീണ്ടും ക്രിക്കറ്റിൽ സജീവമാകുകയും ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾഫ്രീ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

