ശാഹീൻബാഗിൽ പ്രക്ഷോഭകർക്ക് നേരെ െവടിയുതിർത്തയാൾ എ.എ.പി അംഗമാണെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ഡൽഹി ശാഹീൻ ബാഗിൽ സമരക്കാർക്കുനേരെ, ‘ജയ് ശ്രീരാം ’ മുഴക്കി വെടിയുതിർത്ത കപിൽ ഗുജ്ജർ (25) എന്ന യുവാവ് ആം ആദ്മി പാർട്ടി അംഗമാണെന്ന് പൊലീസ്. ഇയാൾ ആം ആദ്മി അംഗമാണെന് ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇരിക്കുന്നതിന് സമീപമെത്തി രണ്ടിലേറെ തവണ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു ഓട്ടോറിക്ഷയിൽ എത്തിയ അക്രമി ദക്ഷിണ ഡൽഹിയിലെ ശാഹീൻബാഗിൽ സമരപ്പന്തലിനു തൊട്ടരികിൽ വെടിവെപ്പു നടത്തിയത്.
‘നമ്മുടെ രാജ്യത്ത് ഹിന്ദുക്കളുടെ കാര്യം മാത്രം മതി, മറ്റാരുടെയും വേണ്ട...’ എന്ന് ആക്രോശിച്ചുകൊണ്ട് വെടിവെപ്പു നടത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
