വിമാനത്താവളത്തിൽ കാത്തു നിൽക്കുകയായിരുന്ന യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ലഖ്‌നൗ: രാജ്യവ്യാപകമായി തുടരുന്ന വിമാന യാത്രാ പ്രതിസന്ധിക്കിടെ ലഖ്‌നൗ വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്ന യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കാൺപൂരിലെ സ്വകാര്യ കമ്പനി ഫിനാൻസ് എക്സിക്യൂട്ടീവായ അനൂപ് പാണ്ഡെയാണ് മരണപ്പെട്ടത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള കണക്‌റ്റിംഗ് ഫ്ലൈറ്റിനായി വിമാനത്താവളത്തിൽ കാത്തിരിക്കുന്നതിനിടെയാണ് അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണപ്പെട്ടത്.
തുടർച്ചയായി വിമാനങ്ങൾ റദ്ദാവുന്നത് കാരണം അനൂപ് മനസിക സമ്മർദത്തിലായിരുന്നു എന്ന് സഹോദരൻ അനിൽ പാണ്ഡെ പറഞ്ഞു. ബംഗളൂരുവിലേക്ക് തിരികെ പോകാൻ സാധിക്കുമോ എന്നും അവധി അവസാനിച്ചതും ഭാര്യയും കുട്ടിയും ബംഗളൂരുവിൽ തനിച്ചായതും അനൂപിനെ അസ്വസ്ഥനാക്കിയിരുന്നു എന്നും സഹോദരൻ പറഞ്ഞു. അതേസമയം അനൂപിന് വിമാനത്താവളത്തിൽ വെച്ച് തന്നെ അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
ഇന്ത്യൻ വ്യോമ ഗതാഗത മേഖലയെ താറുമാറാക്കിയ ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധിയിൽ ഒരാഴ്ചകൊണ്ട് മുടങ്ങിയത് 4500 വിമാന സർവീസുകളാണ്. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങി ഒരാഴ്ചയായി തുടരുന്ന വിമാനമുടക്കിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനങ്ങളുടെ അനിശ്ചിതമായ കാലതാമസവും, റദ്ദാക്കലും ഉൾപ്പെടെ പ്രതിസന്ധിയിൽ വിമാനത്താവളങ്ങളിലായി കുരുങ്ങിയ യാത്രക്കാരുടെ ദുരിതം ഏഴാം ദിവസവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

