
ആർ.എസ്.എസ് കാര്യാലയത്തിന്‍റെ മതിലിൽ യുവാവ് മൂത്രമൊഴിച്ചു; സംഘർഷം, അറസ്റ്റ്
text_fieldsആർ.എസ്.എസ് പ്രദേശിക ഓഫീസിന്‍റെ മതിലിൽ മൂത്രമൊഴിച്ചതിനെത്തുടർന്ന് സംഘർഷം. സംഭവത്തിൽ യു.പി പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മതിലില്‍ മൂത്രമൊഴിച്ച യുവാവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് എസ്.പി അശോക് കുമാര്‍ പറഞ്ഞു.
ശശാങ്ക് ഗുപ്ത എന്ന യുവാവ് മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. തര്‍ക്കം രൂക്ഷമായോയതോടെ സ്ഥലത്ത് അമ്പതോളം പേര്‍ തടിച്ചുകൂടി. സംഘര്‍ഷം കനത്തതോടെ ഒരു കൂട്ടം ആളുകള്‍ ഓഫീസിന് നേരെ ഇഷ്ടികയും മരക്കഷണങ്ങളും എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു.
ഓഫീസ് ജീവനക്കാർക്ക് നേരെ പ്രതികൾ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തതായും മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റതായും ആർ.എസ്.എസ് ഭാരവാഹി രവി മിശ്ര ആരോപിച്ചു. സംഭവത്തെ തുടർന്ന് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.
മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 307 (കൊലപാതകശ്രമം) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി എസ്.പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ശശാങ്ക് ഗുപ്ത, ശിവങ്ക് ഗുപ്ത, മുകേഷ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ കണ്ടെത്താൻ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾ ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. ശശാഖും ശിവങ്കും സഹോദരങ്ങളാണെന്നും മുകേഷ് ഇവരുടെ പിതാവാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ‘ശേഖറും അമൻ ഗുപ്തയുമാണ് മറ്റ് രണ്ട് പ്രതികൾ. ഞങ്ങൾ അവരെ അന്വേഷിക്കുകയാണ്. അജ്ഞാതരായ 40-50 പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്’-സദർ ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
