'സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു'; കോടതിമുറിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ
text_fieldsബി.ആർ ഗവായ്
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ കോടതി മുറിയിൽവെച്ച് ഷൂ എറിഞ്ഞ് അഭിഭാഷകൻ. രാവിലെ 11.25ഓടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ഷൂ എറിയാനുള്ള ശ്രമമുണ്ടായത്.
ഒന്നാം നമ്പർ കോടതിയിലെ നടപടികൾക്കിടെ മുദ്രാവാക്യം വിളിച്ച് ഇയാൾ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയുകയായിരുന്നു. രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് തന്റെ സ്പോർട്സ് ഷൂ ചീഫ് ജസ്റ്റിസിന് നേർക്ക് എറിഞ്ഞത്. മയൂർ വിഹാറിൽ താമസക്കാരനായ ഇയാൾ സുപ്രീം കോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത അംഗമാണെന്ന് പൊലീസ് അറിയിച്ചു.
സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാരെത്തി ഉടൻ തന്നെ ഇയാളെ പിടികൂടി. സനാതന ധർമത്തെ ബഹുമാനിക്കാത്തത് ഇന്ത്യ പൊറുക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അഭിഭാഷകൻ എത്തിയത്.
സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ച് മാറ്റിയതിന് പിന്നാലെ കോടതി നടപടികൾ സാധാരണപോലെ നടന്നു. അടുത്ത അഭിഭാഷകനോട് കേസിൽ വാദം നടത്താൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ഇതൊന്നും നമ്മളുടെ ശ്രദ്ധ തിരിക്കരുതെന്നും ഉപദേശിച്ചു.
നേരത്തെ ഇന്ത്യൻ നിയമവ്യവസ്ഥയെ നിയന്ത്രിക്കേണ്ടത് ബുൾഡോസറുകളല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞിരുന്നു. നിയമവാഴ്ചയാണ് ഇന്ത്യൻ നീതിന്യായ സംവിധാനത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസിൽ ഇന്ത്യൻ ജനാധിപത്യസംവിധാനത്തിലെ നിയമവാഴ്ചയെ കുറിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ നിയമവാഴ്ചക്കാണ് പ്രാധാന്യമെന്നും ബുൾഡോസറിനല്ലെന്നുമുള്ള വിധി കൃത്യമായ സന്ദേശമാണ് നൽകുന്നത്. കേസിൽ പ്രതികളാവുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് നിയമവാഴ്ച ഇല്ലാതാക്കുന്നതിനും ആർട്ടിക്കൾ 21 പ്രകാരമുള്ള ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എക്സിക്യൂട്ടീവിന് ജുഡീഷ്യറിയുടെ ചുമതലകൾ നിർവിക്കാൻ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. യു.പി സർക്കാർ ബുൾഡോസർ രാജുമായി വീണ്ടും രംഗത്തെത്തുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

