ഗുവാഹത്തി: പുള്ളിപുലിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്ക്. അസമിലെ ചബുവ ബൈപാസിന് സമീപത്താണ് സംഭവം. അടുത്ത് ചെന്ന് പുലിയുടെ ചിത്രം പകർത്തുന്നതിനിടെ പ്രദേശത്തെ ടീ എസ്റ്റേറ്റ് ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു.
ബൈപാസിന് താഴെയുള്ള കലുങ്കിനകത്ത് പുള്ളിപുലിയുണ്ടെന്ന വാർത്ത പരന്നതോടെ നിരവധി ആളുകളാണ് ഇവിടെയെത്തിയത്. വിവരമറിഞ്ഞ് യുവാവും സ്ഥലത്തെത്തി. മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താനായി യുവാവ് പുലിയുടെ തൊട്ടടുത്തേക്ക് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുലിയുടെ അടുത്ത് നിന്ന് ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ പുലി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പുലി പാഞ്ഞടുത്തതോടെ സമീപത്തുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു.
പിന്നീട് സ്ഥലത്തെത്തിയെ വനംവകുപ്പ് സംഘം പുലിയെ കൊണ്ടുപോയി. ആരോഗ്യ പരിശോധനക്ക് ശേഷം പുലിയെ കാട്ടിലേക്ക് വിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. അസമിൽ വനവിസ്തൃതി കുറഞ്ഞതിനാൽ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.