അഹ്മദാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ വളയെറിഞ്ഞ് പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ അമറേലിയിൽ ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേയാണ് മോട്ടാ ഭംഡാരിയ സ്വദേശിയായ കേതൻ കാസവാലയെന്ന യുവാവ് മന്ത്രിക്കുനേരെ വളകളെറിഞ്ഞത്. അമറേലിയിലെ അഗ്രികൾചർ യൂനിവേഴ്സിറ്റി ഹാളിനു പുറത്തുള്ള വേദിയിലേക്ക് യുവാവ് വളകൾ വലിച്ചെറിഞ്ഞ് മുദ്രാവാക്യം മുഴക്കുകയായിരുന്നു. യുവാവിനൊപ്പം പ്രതിഷേധത്തിനെത്തിയ 25ഒാളം കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിലായ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ നിരാഹാരം തുടങ്ങി.
യുവാവിനെ വിട്ടയക്കണമെന്നും വലിച്ചെറിഞ്ഞ വളകൾ അയാളുടെ ഭാര്യക്കുള്ള സമ്മാനമായി അയച്ചുകൊടുക്കുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു. ഒരു സ്ത്രീയെ ആക്രമിക്കാൻ പുരുഷന്മാരെ അയച്ച കോൺഗ്രസിെൻറ സമരമാർഗം തെറ്റാണെന്നും അവർ പറഞ്ഞു. രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് കോൺഗ്രസ് കേന്ദ്ര മന്ത്രിമാർക്കുനേരെ കടുത്ത പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിനുനേരെ ചീമുട്ടയെറിഞ്ഞ ഒഡിഷ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അടക്കം അഞ്ചുപേർ അറസ്റ്റിലായിരുന്നു.