ബെൽറ്റ് കൊണ്ട് അടിച്ചു, ഷർട്ട് വലിച്ച് കീറി; ശമ്പളം ആവശ്യപ്പെട്ട യുവാവിന് പെൺസംഘത്തിന്‍റെ ക്രൂരമർദനം- വിഡിയോ
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഒരു കൂട്ടം സ്ത്രീകൾ യുവാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുവാവിനെ ബെൽറ്റ് കൊണ്ട് അടിക്കുന്നതും ഷർട്ട് കീറുന്നതും വിഡിയോയിൽ കാണാം. ദിനേശ് എന്ന് പേരുള്ള ഡ്രൈവർക്കാണ് ക്രൂരമായി മർദനമേറ്റത്. രാഹുൽ ട്രാവൽസ് എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന ഇയാൾ ശമ്പളം ചോദിച്ചതിനെ തുടർന്ന് പെൺസംഘം മർദിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇയാളെ സംഘം പിന്തുടർന്ന് മർദിക്കുന്നതും കാണാം. നിരവധി ആളുകൾ ചുറ്റും നിൽക്കുന്നുണ്ടെങ്കിലും ആരും തന്നെ യുവാവിനെ സഹായിക്കാൻ മുന്നോട്ടുവന്നില്ല. ഈ വർഷം മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം ദിനേശിന് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച ശമ്പളം വാങ്ങാൻ ഇയാൾ ഏജൻസിയുടെ ഓഫീസിലെത്തിയപ്പോൾ ജീവനക്കാർ ആദ്യം മോശമായി പെരുമാറുകയും വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന്, മാനേജരുടെ നമ്പർ ചോദിച്ചപ്പോൾ ഒരു സംഘം സ്ത്രീകൾ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ദിനേശിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
ശമ്പളം ആവശ്യപ്പെട്ട ആളുകളെ മർദിക്കുന്ന സമാനമായ നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഗ്രേറ്റർ നോയിഡയിലെ ഗസ്റ്റ് ഹൗസിലെ 28 കാരനായ തൊഴിലാളിയെ മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചിരുന്നു.ഭാര്യയുടെ ചികിത്സക്കായി കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ചോദിക്കുന്നുണ്ടെന്നും അതിന് പകരം മാനേജ്‌മെന്റ് തന്നെ മർദിക്കുകയും മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിക്കുകയും ചെയ്തതായി ഇയാൾ പരാതിയിൽ പറഞ്ഞിരുന്നു.മറ്റൊരു സംഭവത്തിൽ, ഹരിയാനയിലെ ഗുരുഗ്രാമിൽ ശമ്പളം ആവശ്യപ്പെട്ടതിന് 2020 ൽ ഒരാളെ തല്ലിക്കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

