പുണെ: മഹാരാഷ്ട്രയിൽ യുവാവിന് തൊഴിലുടമയുടെ കൊടിയ പീഡനം. സ്വകാര്യ കമ്പനിയിലെ 30കാരനായ മാനേജരെയാണ് തൊഴിലുടമയും സഹായികളും ചേർന്ന് മർദിക്കുകയും ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ തളിക്കുകയും ചെയ്തത്. സാമ്പത്തിക തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിലെ കൊത്രുദിലായിരുന്നു സംഭവം. ജൂൺ 13,14 തീയതികളിൽ യുവാവ് ജോലി ചെയ്യുന്ന കമ്പനി ഓഫീസിൽ വെച്ചാണ് മർദനമുണ്ടായത്. സംഭവത്തിൽ കേസെടുത്തത് ജൂലൈ രണ്ടിനാണ്.
ഔദ്യോഗികാവശ്യത്തിനായി യുവാവ് കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ പോയിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യുവാവ് അവിടെ കുടുങ്ങുകയും ചെയ്തു. ഡൽഹിയിൽ ഒരു ലോഡ്ജിൽ താമസിച്ച ജീവനക്കാരൻ ഇതിനിടെ കമ്പനി നൽകിയ പണം മുഴുവൻ ചെലവഴിച്ചു.
മെയ് ഏഴിന് പുണെയിൽ തിരിച്ചെത്തിയ ജീവനക്കാരനോട് തൊഴിലുടമ ഒരു ഹോട്ടലിൽ 17 ദിവസം ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചു. എന്നാൽ ബില്ലടക്കാൻ കൈയിൽ പണമില്ലാതായതോടെ ഹോട്ടൽമുറി ഒഴിഞ്ഞു നൽകുന്നതിന് മുമ്പ് യുവാവിന് തൻെറ ഫോണും ഡെബിറ്റ് കാർഡും പണയം വെക്കേണ്ടി വന്നു.
ജൂൺ 13ന് കമ്പനി ഉടമയും സഹായികളും ജീവനക്കാരനോട് അയാൾ ഡൽഹിയിൽ ചെലവഴിച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇയാളെ കാറിലിട്ട് ഓഫീസിലെത്തിച്ചു. തൊഴിലുടമയും മറ്റ് രണ്ട് പേരും ചേർന്ന് യുവാവിനെ മർദിക്കുകയും അയാളുടെ രഹസ്യ ഭാഗങ്ങളിൽ സാനിറ്റൈസർ ചൊരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിനൊടുവിൽ വിട്ടയക്കപ്പെട്ട ജീവനക്കാരൻ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ചയാണ് കേസിൽ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തത് . സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.