യുവതിയും കുഞ്ഞും ഐ.സി.യുവിൽ; ഡോർമിറ്ററിക്ക് പണമില്ലാതെ ആശുപത്രി വരാന്തയിൽ കിടന്ന ഭർത്താവ് തണുത്തുവിറച്ച് മരിച്ചു
text_fieldsമംഗളൂരു: ദിവസം 30 രൂപക്ക് ഡോർമിറ്ററി സൗകര്യം ലഭ്യമായിരുന്നിട്ടും അതിനുപോലും വകയില്ലാതെ ആശുപത്രി വരാന്തയിൽ കിടന്ന യുവാവ് തണുത്തുവിറച്ച് മരിച്ചു. മൈസൂരു ഗവ. ചെലുവാംബ ആശുപത്രിയിലാണ് ദാരുണ സംഭവം.
ശിവഗോപാലയ്യയാണ് (41) മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ അശ്വഥമ്മയെ പ്രസവത്തിനായി വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭാര്യ ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ മൂന്നുദിവസമായി ആശുപത്രി വരാന്തയിലാണ് തണുപ്പ് വകവെക്കാതെ ശിവഗോപാലയ്യ കിടന്നുറങ്ങിയത്.
ദിവസം 30 രൂപ വാടകക്ക് ഡോർമിറ്ററി സൗകര്യം ലഭ്യമാണെങ്കിലും ഭക്ഷണത്തിനു പോലും പണമില്ലാത്തതിനാൽ പുറത്ത് കിടക്കുകയായിരുന്നു. പരിചരിക്കാൻ ഇവരുടെ കൂടെ സ്ത്രീകൾ ആരും ഇല്ലായിരുന്നു. ലേബർ വാർഡിൽ പ്രവേശനമില്ലാത്തതിനാലാണ് ശിവഗോപാലയ്യ പുറത്ത് കിടന്നത്. തിങ്കളാഴ്ച രാവിലെ സുരക്ഷാ ജീവനക്കാരനാണ് ശിവഗോപാലയ്യ നിലത്ത് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആരോഗ്യ സുരക്ഷ മുൻനിർത്തി ഐ.സി.യുവിൽ തുടരുകയാണെന്നും ചെലുവാംബ ആശുപത്രി സൂപ്രണ്ട് ആർ. സുധ പറഞ്ഞു. ഭക്ഷണത്തിന് പോലും പണമില്ലെന്ന് ശിവഗോപാലയ്യ സൂചിപ്പിച്ചിരുന്നതായി അറ്റൻഡർമാരിലൊരാൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂവെന്ന് മൈസൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഎംസി ആന്റ് ആർഐ) ഡയറക്ടർ കെ.ആർ ദാക്ഷായിണി പറഞ്ഞു. ഭർത്താവിന്റെ മരണവിവരം അശ്വത്തമ്മയെ അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

