ഹണിമൂൺ കൊലപാതകം: പ്രതിയെ എയർപോർട്ടിൽ വെച്ച് മുഖത്തടിച്ച് യാത്രക്കാരൻ, വൈറലായി വിഡിയോ
text_fieldsഇൻഡോർ: ഹണിമൂൺ കൊലപാതക്കേസിൽ അറസ്റ്റിലായ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികൾ. ചൊവ്വാഴ്ച രാത്രി ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിലാണ് സംഭവം. രാജ രഘുവംശി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളേയും കൊണ്ട് മേഘാലയ പൊലീസ് എയർപോർട്ടിൽ പ്രവേശിച്ചപ്പോഴാണ് സംഭവം.
തന്‍റെ ലഗേജുമായി കാത്തുനിൽക്കുന്ന ഒരു യാത്രക്കാരനാണ് ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ കേസിലെ പ്രതി നടന്നുപോകവെ പെട്ടന്ന് ദ്വേഷ്യത്തോടെ മുഖത്തടിച്ചത്. പ്രതികൾ മുഖത്ത് മാസ്ക് ധരിച്ചതിനാൽ ആർക്കാണ് അടി കൊണ്ടതെന്ന് വ്യക്തമല്ല. വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
രാജ് കുശ്വ, വിശാൽ ചൗഹാൻ, ആകാശ് രാജ്പുത്, ആനന്ദ് കുർമി എന്നീ പ്രതികളെയാണ് മേഘാലയയിലെ 12 അംഗ പൊലീസ് സംഘം ഷില്ലോങ്ങിൽ നിന്ന് ഇൻഡോറിലേക്ക് കൊണ്ടുപോയത്.
രാജ രഘുവംശി മെയ് 23നാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസിലെ പ്രധാന പ്രതിയായ സോനം ഇതിനുശേഷം ഇൻഡോറിലെത്തിയതായി പൊലീസ് പറഞ്ഞു. 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഇൻഡോറിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
വിവാഹ ശേഷം മേയ് 20നാണ് ദമ്പതികൾ ഹണിമൂണിനായി മേഘാലയയിലെത്തിയത്. 24 മുതലാണ് ഇരുവരെയും കാണാതായത്. 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്നാണ് കണ്ടെത്തിയത്. ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഗാസിപുർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭാര്യ സോനം കൊലപാതക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
വാടകക്കൊലയാളികളാണ് ഭർത്താവ് രാജാ രഘുവംശിയെ കൊന്നതെന്നായിരുന്നു സോനത്തിന്‍റെ മൊഴി. എന്നാൽ പിടിയിലായവർ സോനയുടെ ആൺ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതക ദിവസം കൊലയാളികളിൽ രണ്ട് പേർ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

