ബാങ്കിൽ നിന്ന് 12 കോടി മോഷ്ടിച്ചു; രൂപം മാറ്റി; രണ്ടുമാസത്തിനു ശേഷം പൊലീസ് പിടിയിൽ
text_fieldsമുംബൈ: താനെയിലെ മൻപാഡ മേഖലയിലെ ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് 12 കോടി രൂപ മോഷ്ടിച്ച് വേഷം മാറി നടന്ന പ്രതിയെ രണ്ടര മാസത്തിനു ശേഷം പൂനെയിൽ നിന്ന് പിടികൂടി.
കേസിൽ മുഖ്യപ്രതിയായ അൽത്താഫ് ശൈഖ് (43) നെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒമ്പതു കോടി രൂപയോളം പൊലീസ് കണ്ടെടുത്തു.
ജൂലൈ 12നായിരുന്നു മോഷണം. അൽത്താഫിന്റെ അറസ്റ്റോടുകൂടി ഇയാളുടെ സഹോദരി നീലോഫർ ഉൾപ്പെടെ കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്.
മുംബ്ര നിവാസിയായ അൽത്താഫ് ശൈഖ്, ഐ.സി.ഐ.സി.ഐ ബാങ്കിൽ ലോക്കർ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു. ഇയാൾ ഒരു വർഷത്തോളം സിസ്റ്റത്തിലെ പഴുതുകൾ പഠിച്ച്, ഉപകരണങ്ങൾ ശേഖരിച്ച് കവർച്ച ആസൂത്രണം ചെയ്തുവെന്ന് മൻപാഡ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അലാറം സംവിധാനം നിർജ്ജീവമാക്കിയ ശേഷം, എ.സി ഡക്‌റ്റ് വലുതാക്കുകയും ബാങ്ക് നിലവറ തുറന്ന് പണം എ.സി ഡക്റ്റിലൂടെ മാലിന്യക്കുഴലിലേക്ക് മാറ്റുകയും ചെയ്താണ് കവർച്ച നടപ്പാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടത്തുകയും ചെയ്തു. സെക്യൂരിറ്റി പണവും സി.സി.ടി.വി ദൃശ്യങ്ങളുടെ റെക്കോർഡും നഷ്ടപ്പെട്ടതായി ബാങ്ക് മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിന് ശേഷം ശൈഖ് രക്ഷപ്പെട്ടു. രൂപം തന്നെ മാറ്റി. തന്റെ വ്യക്തിത്വം മറയ്ക്കാൻ ബുർഖ ഉപയോഗിച്ചു. മോഷണത്തെ കുറിച്ച് അറിയാമായിരുന്ന ഇയാളുടെ സഹോദരി നീലോഫർ കുറച്ച് പണം വീട്ടിൽ ഒളിപ്പിച്ചു. ഇവരെ കേസിൽ കൂട്ടുപ്രതിയായി ചേർത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൂനെയിൽ നിന്നാണ് ശൈഖിനെ അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് മോഷ്ടിച്ച 12.20 കോടി രൂപയിൽ ഒമ്പത് കോടിയോളം രൂപ പൊലീസിന് കണ്ടെടുക്കാനായെന്നും ബാക്കി തുക ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
താനെയും നവി മുംബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ശൈഖ് അറസ്റ്റിലായത്. നീലോഫറിനെ കൂടാതെ അബ്രാർ ഖുറേഷി (33), അഹമ്മദ് ഖാൻ (33), അനുജ് ഗിരി (30)എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.