ഭാര്യയെ 'കൊലപ്പെടുത്തിയ' കുറ്റത്തിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിലിറങ്ങിയപ്പോൾ കണ്ടത് കാമുകനൊപ്പം കാപ്പികുടിക്കുന്ന ഭാര്യയെ..!; ഒടുവിൽ ഒന്നര വർഷത്തിനുശേഷം ജയിൽ മോചനം
text_fieldsമല്ലികയെ സുരേഷ് മടിക്കേരിയിലെ ചായക്കടയിൽ കണ്ടെത്തിയപ്പോൾ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം, ഇൻസെറ്റിൽ മല്ലിക
ബംഗളൂരു: ‘കൊല്ലപ്പെട്ട’ ഭാര്യയെ തേടിപ്പിടിച്ച് ഒന്നര വർഷത്തിനുശേഷം ജയിൽ മോചനം നേടിയ കുശാൽ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതായിരുന്നു. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ‘കൊലപ്പെടുത്തി’ എന്ന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച സുരേഷിനെ കഴിഞ്ഞ ദിവസമാണ് മൈസൂരു കോടതി വെറുതെവിട്ടത്.
ജയിൽ മോചിതനായ സുരേഷ്
കേസ് അന്വേഷിച്ച കുശാൽനഗർ പൊലീസിന് രൂക്ഷ വിമർശനം കോടതിയിൽനിന്ന് ഏൽക്കേണ്ടിവന്നു. 2020 നവംബർ 12ന് പെരിയപട്ടണ ഷാനുബോഗനഹള്ളിയിൽ അജ്ഞാത തലയോട്ടി ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. നവംബർ 13ന് തന്റെ ഭാര്യ മല്ലികയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് കുശാൽ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതോടെ പെരിയപട്ട സർക്കിൾ ഇൻസ്പെക്ടർ ബി.ജി. പ്രകാശ് തന്റെ ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് സുരേഷിനെ ബെട്ടദപുര പൊലീസ്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഭാര്യാ മാതാവ് ഗൗരിയുടെ പരാതിയിൽ സുരേഷിനെതിരെ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയെ സ്ത്രീധനം ആവശ്യപ്പെട്ട് പതിവായി മർദിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. കേസിൽ മൈസൂരുവിലെ അഞ്ചാം അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 2022 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചു. എന്നാൽ, വിചാരണക്കിടെ പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സുരേഷിനെതിരെ പരാതി നൽകിയതെന്ന് മകനും ഭാര്യാമാതാവും കോടതിയിൽ വെളിപ്പെടുത്തി.
സുരേഷിന്റെ ഭാര്യ മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് വിചാരണക്കിടെ ഏഴ് സാക്ഷികൾ കോടതിയെ അറിയിച്ചിരുന്നു. രണ്ടരവർഷം നീണ്ട വിചാരണക്കൊടുവിൽ, കൊല്ലപ്പെട്ടെന്ന് പൊലീസ് അവകാശപ്പെട്ട മല്ലിക കഴിഞ്ഞ ബുധനാഴ്ച ‘ജീവനോടെ’ കോടതിയിലെത്തി. ജാമ്യത്തിലായിരുന്ന സുരേഷ് ഏപ്രിൽ ഒന്നിന് മടിക്കേരിയിലെ ഹോട്ടലിൽവെച്ച് കാമുകനോടൊപ്പം മല്ലികയെ കണ്ടെത്തുകയും കുടക് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മല്ലികയെ കസ്റ്റഡിയിലെടുത്ത് കുശാൽനഗർ പൊലീസിന് കൈമാറി.
പിറ്റേന്ന് കോടതിയിൽ ഹാജരാക്കി. കൂലിപ്പണിക്കാരനായ സുരേഷിന് കേസ് നടത്താൻ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ പൊലീസുകാർതന്നെ ഒരു അഭിഭാഷകനെ ഏർപ്പാടാക്കി നൽകിയിരുന്നു. എന്നാൽ, ഇയാൾ കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ സുരേഷിന്റെ ജാമ്യവും നീളുകയായിരുന്നു. സുരേഷിന്റെ പിതാവ് കുറുബര ഗാന്ധിയുടെ അഭ്യർഥന പ്രകാരം, പിന്നീട് സാമൂഹിക പ്രവർത്തകൻ കുടിയായ അഡ്വ. പാണ്ടു പൂജാരി കേസ് എറ്റെടുത്തതാണ് വഴിത്തിരിവായത്. കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിൽനിന്നുള്ള സാമ്പിളും മല്ലികയുടെ മാതാവിന്റെ ശരീരത്തിൽനിന്നുള്ള സാമ്പിളും പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. ഇരുസാമ്പിളും തമ്മിൽ പൊരുത്തമില്ലെന്നായിരുന്നു ഡി.എൻ.എ പരിശോധനാ ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
മല്ലികയെ നാലുദിവസത്തേക്ക് മൈസൂരുവിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും പൊലീസിനോട് അവരുടെ പൂർണമൊഴി രേഖപ്പെടുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, മല്ലികയെ ജീവനോടെ കണ്ടെത്തിയതോടെ, കേസിനാധാരമായ അജ്ഞാത തലയോട്ടി ആരുടേതാണെന്ന ചോദ്യം ബാക്കിയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

