ഗാന്ധിനഗർ: ഗുജറാത്തിൽ അഹമ്മദാബാദിലെ മക്‌ഡൊണാൾഡ്സിൽ നിന്ന് ഓർഡർ ചെയ്ത ശീതളപാനീയത്തിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി യുവാവ്. ഇതിന്‍റെ ദൃശ്യങ്ങൾ യുവാവ് തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഔട്ട്ലെറ്റ് സീൽ ചെയ്യാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു.
ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം മക്‌ഡൊണാൾഡ്സിൽ എത്തിയ ഭാർഗവ് ജോഷി എന്നയാൾക്കാണ് ശീതളപാനീയത്തിൽ നിന്ന് ചത്ത പല്ലിയെ ലഭിച്ചത്. രണ്ട് വട്ടം ഇത് കുടിച്ചതിന് ശേഷമാണ് പല്ലി മുകളിലേക്ക് പൊങ്ങി വന്നതെന്നും യുവാവ് ട്വീറ്റിൽ പറഞ്ഞു. ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ ശീതള പാനീയത്തിന്‍റെ വിലയായ 300 രൂപ തിരിച്ച് തരാമെന്ന് പറഞ്ഞെന്നും ഒരാളുടെ ജീവന്‍റെ വിലയാണോ 300 എന്നും യുവാവ് ചോദിച്ചു.
സംഭവം ചർച്ചയായതോടെ ഉപഭോക്താക്കളുടെ സുരക്ഷ തങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണണെന്ന് മക്‌ഡൊണാൾഡ്സ് പ്രസ്താവനയിറക്കി.അഹമ്മദാബാദ് ഔട്ട്‌ലെറ്റിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങളുടെ എല്ലാ റെസ്റ്റോറന്റുകളിലും 42 കർശനമായ സുരക്ഷാ ശുചിത്വ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ട്.
ഇവയിൽ അടുക്കളയും റെസ്റ്റോറന്റും വൃത്തിയാക്കുന്നതുൾപ്പടെ ശുചിത്വം പാലിക്കാനുള്ള കർശന നിർദേശങ്ങളും ഉൾപ്പെടുന്നതായി മക്ഡൊണാൾഡ് പ്രസ്താവനയിൽ പറഞ്ഞു.