
വിവാഹം നിശ്ചയിച്ച കാമുകിയുടെ വീട്ടിലെത്തിയയാൾ ബന്ധുവിനെ വെടിവെച്ചുകൊന്നു
text_fieldsഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ അക്രമം. യുവാവ് നടത്തിയ വെടിവെപ്പിൽ പെൺകുട്ടിയുടെ സഹോദരഭാര്യ കൊല്ലപ്പെടുകയും ബന്ധുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
24കാരനായ രോഹിതാണ് അക്രമം നടത്തിയത്. ഷേർപുർ ഗ്രാമത്തിലെ വീട്ടിലെത്തി കാമുകിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുടുംബവുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് രോഹിത് കൈയിലിരുന്ന തോക്കുപയോഗിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ സഹോദരഭാര്യ പവിത്ര വെടിയേറ്റ് വീഴുകയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു. വെടിവെപ്പിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടി. തുടർന്ന് രോഹിത് ഓടിരക്ഷെപ്പടുകയായിരുന്നു.
ജൂലൈ 18ന് പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കാനിരിക്കെയാണ് ദാരുണ സംഭവമെന്ന് റൂറൽ എസ്.പി ഇരയ് രാജ പറഞ്ഞു.
