ഇൻസ്റ്റഗ്രാം ലൈവിലെത്തി യുവാവിന്‍റെ ആത്മഹത്യ; ഭാര്യയുടെ പരാതിയിൽ പെൺസുഹൃത്തിനെതിരെ കേസ്
text_fieldsഗുരുഗ്രാം: ഇൻസ്റ്റഗ്രാം ലൈവിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വിക്രം എന്ന യുവാവാണ് ഹോട്ടൽ മുറിയിൽ വെച്ച് ഇൻസ്റ്റഗ്രാം ലൈവിലൂടെ ആത്മഹത്യ ചെയ്തത്.
ഭർത്താവിനെ ഏതാനും ദിവസങ്ങളായി ഒരു സ്ത്രീ ശല്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹത്തോട് ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കാറുണ്ടായിരുന്നതായുംവിക്രമിന്‍റെ ഭാര്യ നീരു പൊലീസിനോട് പറഞ്ഞു. ഹിസാർ സ്വദേശിനിയായ സ്ത്രീയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്നു വിക്രം സെക്ടർ 38ലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പിന്നാലെ സ്ത്രീ അദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും നീരു പൊലീസിനോട് പറഞ്ഞു.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ അൻഷി എന്ന യുവതിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

