അഞ്ച് രൂപ വിലയുള്ള പലഹാരത്തിനായി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അടിച്ചുകൊന്ന പിതാവ് അറസ്റ്റിൽ
text_fieldsമുംബൈ: അഞ്ച് രൂപ വിലയുള്ള പലഹാരം വാങ്ങിത്തരാൻ ആവശ്യപ്പെട്ട് കരഞ്ഞ 20 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം. മുംബൈയിൽ നിന്നും 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലോനാര ഗ്രാമത്തിൽ നടന്ന ക്രൂരകൃത്യത്തിൽ 28കാരനായ വിവേക് അറസ്റ്റിലായി.
മാതാവിനോട് ഗോതമ്പ് ഉപയോഗിച്ച് തയാറാക്കുന്ന 'ഖാജ' എന്ന പലഹാരം വാങ്ങിനൽകാൻ ആവശ്യപ്പെട്ട് കുഞ്ഞ് കരയുകയായിരുന്നു.
ഇതേത്തുടർന്ന് ഭാര്യ ഭർത്താവിനോട് അഞ്ച് രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി കുഞ്ഞിന്റെ തല വാതിലിൽ തുടർച്ചയായി ഇടിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാതാവ് മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തലക്കും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മാതാവാണ് സംഭവം പൊലീസിൽ അറിയിച്ചത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018ലാണ് ഇരുവരും വിവാഹിതരായത്. പ്രതി മദ്യലഹരിയിൽ നിരന്തരം മർദ്ദനത്തിനിരയാക്കിയതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ യുവതി 2019ലാണ് തിരിച്ചെത്തിയത്.

