ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചത് ഇഷ്ടമായില്ല, സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്
text_fieldsജമ്മു: റോഡരികിൽ നടന്ന ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ ജന്മദിനം ആഘോഷിച്ച യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട പവൻ നായർ എന്ന സമീറിനെ സുഹൃത്തുക്കളായ ജോൺ സോത്ര, ഗൗരവ് സിങ്, സുഗന്ധ് ഭട്ടി എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ലോവർ രൂപനഗറിന് സമീപം റോഡരികിൽ നീരജ് എന്ന ‘അൻഷു’വിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്. നീരജിന്റെ സഹോദരൻ റിഷുവും കൊല്ലപ്പെട്ട പവൻ നായരും മറ്റു സുഹൃത്തുക്കളും ചേർന്ന് കേക്ക് മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇത് വാക്തർക്കത്തിന് കാരണമായി. മറ്റു സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നീരജ് പ്രകോപിതനാവുകയും തന്റെ ‘ഖുക്രി’ എടുത്ത് പവൻ നായരുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവനെ ഉടൻതന്നെ ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ജാനിപ്പുർ പൊലീസ് നീരജിനെയും സഹോദരൻ റിഷുവിനെയും അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

