ഓഫിസിലേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് യുക്രെയ്നിൽ കാമുകിക്കൊപ്പം; വിവരമറിഞ്ഞ ഭാര്യ ജീവനൊടുക്കി
text_fieldsrepresentational image
മുംബൈ: ഓഫിസിലേക്കെന്നും പറഞ്ഞിറങ്ങിയ ഭർത്താവ് യുക്രെയ്നിലുള്ള കാമുകിയെ കാണാൻ പോയതാണെന്നറിഞ്ഞതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. 25കാരിയായ കാജലിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയെ തുടർന്ന് ഭർത്താന് നിതീഷ് നായരെ (26) പൊലീസ് അറസ്റ്റ് ചെയ്തു. കാജലിന്‍റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്.
യുക്രെയ്നിലെ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ്. വിദേശ വനിതയുമായി അടുപ്പത്തിലായ ഇയാൾ കാമുകിയെ കാണാൻ ഇടക്കിടെ യുക്രെയ്നിൽ പോകാറുണ്ടായിരുന്നു. സെപ്റ്റംബറിലാണ് വിദേശവനിതയുമായുള്ള ഭർത്താവിന്‍റെ ബന്ധം കാജൽ അറിഞ്ഞത്. തുടർന്ന് ഭർത്താവിന് മുന്നറിയിപ്പ് നൽകുകയും ബന്ധം തുടരരുതെന്നും യുക്രെയ്നിൽ പോകരുതെന്നും കാജൽ ആവശ്യപ്പെട്ടു. എന്നാൽ, നവംബർ എട്ടിന് നിതീഷ് യുക്രെയ്നിലേക്ക് പോവുകയായിരുന്നു എന്ന് കാജലിന്‍റെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
മുംബൈയിലെ ഓഫിസിലേക്കു പോവുകയാണെന്ന് പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് യുക്രെയ്നിലെത്തിയ ഇയാൾ ഇനി തിരികെ വരില്ലെന്ന് ഭാര്യക്ക് സന്ദേശമയച്ചു. സന്ദേശം ലഭിച്ചതിനു പിന്നാലെ കാജൽ ജീവനൊടുക്കുകയായിരുന്നു. ഭർത്താവ് വരില്ലെന്ന് അറിയിച്ച കാര്യം യുവതി ആത്മഹത്യക്ക് മുമ്പ് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ നിതീഷ് നാട്ടിലെത്തിയതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

