യു.പി പൊലീസ് റിക്രൂട്ട്മെന്റ്: വ്യാജ ചോദ്യപേപ്പർ വിറ്റയാൾ അറസ്റ്റിൽ
text_fieldsലഖ്നോ: യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിറ്റ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോർന്ന ചോദ്യപേപ്പർ എന്ന നിലയിൽ പേപ്പർ ഉദ്യോഗാർഥികൾക്ക് നൽകി പണം കൈപ്പറ്റിയ അനിരുദ്ധ മദൻലാൽ എന്നയാളാണ് പിടിയിലായത്. സമൂഹമാധ്യമം വഴിയായിരുന്നു ഇയാളുടെ പ്രവർത്തനം. 60,000ത്തിലധികം ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ആഗസ്റ്റ് 23, 24, 25, 30, 31 തീയതികളിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.
കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയാണ് വീണ്ടും പരീക്ഷ നടത്തുന്നത്. കനത്ത സുരക്ഷയിൽ സംസ്ഥാനത്തെ 1174 കേന്ദ്രങ്ങളിലായി വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരീക്ഷയിൽ ലക്ഷങ്ങൾ പങ്കെടുത്തു. മൊത്തം ഒമ്പതര ലക്ഷം പേർ പരീക്ഷയെഴുതുമെന്നാണ് കരുതുന്നത്. നേരത്തേ ചോദ്യപേപ്പർ ചോർച്ച വിവാദമുണ്ടായ സാഹചര്യത്തിൽ അധികൃതർ ജാഗ്രതയിലാണ്. ചോദ്യപേപ്പർ റാക്കറ്റിലെ മുഖ്യ കണ്ണി അഭയ്കുമാർ ശ്രീവാസ്തവുമായി മദൻലാലിന് അടുത്ത ബന്ധമുള്ളതായി അധികൃതർ പറഞ്ഞു. ഓരോ ഉദ്യോഗാർഥിയിൽനിന്നും ഒരു ലക്ഷം രൂപയാണ് ചോദ്യപേപ്പറിനായി റാക്കറ്റ് ഈടാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

