360 സീറ്റ് വിമാനത്തിൽ വെറും 18,000 രൂപക്ക് രാജകീയമായ യാത്ര; ഞെട്ടൽ മാറാതെ യാത്രക്കാരൻ
text_fieldsമുംബൈ: ഭവേഷ് ജാവേരി എന്ന യാത്രക്കാരന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമായിരുന്നു മെയ് 19. 360 സീറ്റുള്ള ബോയിങ് വിമാനത്തിൽ ജാവേരി മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്.
'ഞാൻ എയർക്രാഫ്റ്റിലേക്ക് കയറിയപ്പോൾ എയർ ഹോസ്റ്റസുമാർ കൈയടിച്ച് സ്വീകരിച്ചു. ഇതിനിടെ 240 തവണയെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. പക്ഷ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ യാത്രയായിരുന്നു അത്.' ഭവേഷ് ജാവേരി പറഞ്ഞു.
ഫ്ലൈറ്റിലെ അറിയിപ്പുകൾ മുഴങ്ങിയത് ജാവേരിക്ക് വേണ്ടി മാത്രം. 'മിസ്റ്റർ, ജാവേരി താങ്കളുടെ സീറ്റ് ബെൽറ്റ് മുറുക്കിയിടൂ, മിസ്റ്റർ ജാവേരി, നമ്മൾ ലാൻഡ് ചെയ്യാൻ പോകുകയാണ്...' അങ്ങനെ ജാവേരിക്ക് മാത്രമുള്ള അറിയിപ്പുകൾ.
വിമാനത്തിൽ നിന്ന് ഇറങ്ങി കൺവെയർ ബെൽറ്റിനടുത്ത് എത്തിയപ്പോഴും ബാഗെടുക്കാൻ ജാവേരി മാത്രം. കഴിഞ്ഞ 20 വർഷമായി ദുബൈയിൽ സ്ഥിരതാമസമാക്കിയ ഭവേഷ് ജാവേരിയുടെ ആദ്യ അനുഭവമായിരുന്നു ഇതെല്ലാം.
ബോയിങ് 777 മുംബൈ- ദുബൈ റൂട്ടിൽ ചാർട്ടേഡ് ചെയ്ത വിമാനത്തിന് 70 ലക്ഷം രൂപയെങ്കിലും ചാർജ് ഈടാക്കും. ആ സ്ഥാനത്താണ് വെറും 18,000 രൂപക്ക് ടിക്കറ്റെടുത്താണ് ജാവേരിക്ക് ഈ രാജകീയ യാത്ര ലഭിച്ചത്.
കോവിഡ് സാഹചര്യത്തിൽ യു.എ.ഇ പൗരന്മാർക്കോ യു.എ.ഇ ഗോൾഡൻ വിസ ഉള്ളവർക്കോ ഡിപ്ലോമാറ്റിക് മിഷൻ ഉള്ളവർക്കോ മാത്രമായി യു.എ.ഇ യാത്ര പരിമിതപ്പെടുത്തിയിരുന്നു. ഗോൾഡൻ വിസ ഉള്ള ഭവേഷ് ജാവേരിക്ക് അങ്ങനെയാണ് തിരിച്ചുവരുന്ന വിമാനത്തിൽ ഒറ്റക്ക് യാത്ര ചെയ്യാനുള്ള സുവർണാസരം ലഭിച്ചത്.
8 ലക്ഷം രൂപ മുടക്കി 17 ടൺ ഇന്ധനം നിറച്ചാണ് ഇക്കോണമി ക്ലാസിൽ ടിക്കറ്റെടുത്ത ജാവേരിക്ക് വേണ്ടി ബോയിങ് 777 പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

