
ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊടൈക്കനാലിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണു
text_fieldsകൊടൈക്കനാൽ: ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് അപകടം. വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറയിൽ ഇരുന്നു ചിത്രത്തിന് പോസ് ചെയ്യുന്നതിനിടെ 26കാരൻ തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അജയ് പാണ്ഡ്യൻ എന്ന യുവാവിനെയാണ് കാണാതായത്. വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. സംഭവത്തിന്റെ വീഡിയോ യുവാവിന്റെ സുഹൃത്ത് കാമറയിൽ പകർത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാറയിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും താഴെ വെള്ളച്ചാട്ടത്തിലേക്ക് വീണു. വെള്ളത്തിന്റെ ശക്തിയിൽ യുവാവ് തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം.
വീഡിയോ റെക്കോർഡുചെയ്യുന്ന സുഹൃത്തിനോട് മുൻവശത്ത് വന്ന് വെള്ളച്ചാട്ടത്തിന്റെ ആഴം ദൃശ്യമാകുന്ന രീതിയിൽ ഫോട്ടോയെടുക്കാൻ യുവാവ് ആംഗ്യം കാണിക്കുന്നുണ്ട്. തുടർന്ന് സുഹൃത്ത് നിർബന്ധിക്കുകയും വെള്ളച്ചാട്ടത്തിന്റെവഴുവഴുപ്പുള്ള പാറയിലേക്ക് കയറുകയും ചെയ്തു. തിരിഞ്ഞു നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ലോക്കൽ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.
വിഡിയോ കാണാം.... ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊടൈക്കനാലിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണു