മേയറുടെ കൺമുന്നിൽ തൊഴിലാളി മാൻഹോളിൽ വീണു, ഉദ്യോഗസ്ഥർക്ക് സസ്പെഷൻ മുന്നറിയിപ്പ്; മുംബൈയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം
text_fieldsമുംബൈ: കനത്ത മഴയിൽ മുംബൈ നഗരം മുങ്ങിയപ്പോൾ, സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടിറങ്ങിയ മേയറുടെ കൺമുന്നിൽ ശുചീകരണ തൊഴിലാളി മാൻഹോളിൽ വീണു. മുംബൈയിലെ ദാദറിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
മുംബൈ മേയർ റിതു താവ്‌ഡെ പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ് ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ ഒരു തൊഴിലാളി ഓടയിൽ വീണത്. മാലിന്യം നീക്കം ചെയ്യുന്നതിനായി ഓടയുടെ മൂടി മാറ്റിവെച്ചിരിക്കുകയായിരുന്നു. തുടർന്ന് ഏതെങ്കിലും മാൻഹോൾ തുറന്നിരിക്കുന്നതായി കണ്ടെത്തിയാൽ ആ വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
ദാദർ, ഹിന്ദ്മാതാ, ഗാന്ധി മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മേയറുടെ പരിശോധന. ഇതിനിടെയാണ് ശുചീകരണ തൊഴിലാളി ഓടയിൽ വീണത്. തുടർന്ന് മേയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. കൂടാതെ അലർട്ട് ബോർഡുകൾ ശ്രദ്ധിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. മാൻഹോളിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ശ്രദ്ധിക്കണം. ജാഗ്രത പാലിക്കാൻ സൈൻ ബോർഡുകളിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ബി.എം.സി സ്ഥാപിച്ചിരിക്കുന്ന നോട്ടീസുകളും പോസ്റ്ററുകളും വായിക്കാൻ മുംബൈയിലെ ജനങ്ങളോട് അഭ്യർഥിക്കുന്നതായും അവർ പറഞ്ഞു.
അതേസമയം, മഴക്കെടുതിക്ക് പിന്നാലെ മുംബൈയിൽ രാഷ്ട്രീയ പോരും മുറുകി. ഭരണകക്ഷിയായ മഹായുതി സഖ്യം ഭരണത്തേക്കാൾ രാഷ്ട്രീയ ലാഭത്തിനാണ് മുൻഗണന നൽകുന്നതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ കുറ്റപ്പെടുത്തി. ബി.എം.സിയുടെ ഫണ്ടുകൾ സർക്കാർ ധൂർത്തടിച്ചെന്നും മഴവെള്ളം സംഭരിക്കാനുള്ള ടാങ്കുകൾ ശരിയായി പ്രവർത്തിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
തെക്കുപടിഞ്ഞാറൻ മൻസൂൺ എത്തിയതിനെ തുടർന്ന് മുംബൈയിൽ വ്യാപകമായ മഴയാണ് പെയ്തത്. നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതതടസ്സവും മരം വീഴലും ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി. മുംബൈയിലെ റോഡുകൾ വെള്ളത്തിനടിയിലാവുകയും മരങ്ങൾ വീണ് പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി. നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചത്. കനത്ത മഴ റെയിൽവേ സർവീസുകളെയും ബാധിച്ചു. പലയിടങ്ങളിലും ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിനുകൾ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

