Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രവാദക്കേസിൽ 18 വർഷത്തിനുശേഷം മോചനം; പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയപ്പോൾ വെടിവെച്ചുകൊന്നു

text_fields
bookmark_border
https://www.madhyamam.com/tags/terror-case
cancel

ലഖ്നോ: തീവ്രവാദക്കേസിൽ 18 വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം വെറുതെ വിട്ടയാളെ, പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മടങ്ങുമ്പോൾ അജ്ഞാതർ വെടിവെച്ചു​കൊന്നു. 2008ലെ രാംപൂർ സി.ആർ.പി.എഫ് ഗ്രൂപ് സെന്റർ ആക്രമണ കേസിൽ തീവ്രവാദ, കൊലക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുഹമ്മദ് ശരീഫാണ് കൊല്ലപ്പെട്ടത്.

അലഹബാദ് ഹൈകോടതിയാണ് മാസങ്ങൾക്ക് മുമ്പ് വെറുതെവിട്ടത്. ചൊവ്വാഴ്ച രാംപൂരിലെ ഖജൂരിയ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മടങ്ങുമ്പോഴാണ് അക്രമികൾ വെടിവെച്ചത്. 16 തവണ വെടിയേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.

തിങ്കളാഴ്ച നിരന്തരം വിളിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ​വൈകുന്നേരം 4.30 ഓടെയാണ് മുഹമ്മദ് ശരീഫ് സ്റ്റേഷനിലെത്തിയത്. ഈ സമയം എസ്.എച്ച്.ഒ മനോജ് കുമാർ പാണ്ടെയോ ഫോണിൽ ബന്ധപ്പെട്ട കോൺസ്റ്റബ്ൾ ബുണ്ടിയോ സ്ഥലത്തുണ്ടായിരുന്നില്ല.

ഒരു മണിക്കൂർ കഴിഞ്ഞും വരാത്തതിനെ തുടർന്ന് പിന്നീട് വരാൻ ആവശ്യപ്പെട്ട് മറ്റുള്ളവർ മടങ്ങാൻ പറയുകയായിരുന്നു. 500 മീറ്റർ ദൂരം പിന്നിടപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു.

എന്തിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും എസ്.എച്ച്.ഒയും കോൺസ്റ്റബ്ളും സ്ഥലത്തില്ലാതിരുന്നുവെന്നും പുറത്തിറങ്ങിയ വിവരം ആരാണ് അക്രമികളെ അറിയിച്ചതെന്നും ദുരൂഹതയായി തുടരുകയാണെന്ന് അഭിഭാഷകൻ മുഹമ്മദ് ശുഐബ് ​പറഞ്ഞു.

‘എന്തിനാണ് ശരീഫിനെ നിരന്തരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്? അദ്ദേഹം എത്തിയപ്പോൾ വിളിച്ച ഉദ്യോഗസ്ഥർ എവിടെയായിരുന്നു? ശരീഫ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ വിവരം ആരെയാണ് അക്രമികളെ അറിയിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് നിഷ്പക്ഷമായ അന്വേഷണം ഉണ്ടായേതീരൂ’ -ശുഐബ് ആവശ്യപ്പെട്ടു.

സ്റ്റേഷനിൽ വിളിപ്പിച്ചു വരുത്തി കൊലപ്പെടുത്തിയത് വലിയ ഗൂഢാലോചനയാണെന്നും ഇതിൽ പൊലീസിന്റെ പങ്ക് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ കേസുകളിൽ കുറ്റമുക്തരാക്കിയിട്ടും മുസ്‍ലിംകൾക്കെതിരായ സമീപനത്തെ കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണ് മുഹമ്മദ് ശരീഫിന്റെ മരണമെന്ന് റിഹായ് മഞ്ച് ജനറൽ സെക്രട്ടറി രാജീവ് യാദവ് പറഞ്ഞു.

‘17-18 വർഷം ജയിൽവാസം അനുഭവിച്ച് ഹൈകോടതി കുറ്റവിമുക്തനാക്കിയിട്ടും ശരീഫിനെ ഒരു സംശയാസ്പദ വ്യക്തിയായിട്ടാണ് പൊലീസ് കണ്ടത്. കോടതി വെറുതെ വിട്ടതിനു ശേഷവും എന്തിനാണ് വീണ്ടും പൊലീസ് വെരിഫിക്കേഷൻ?’ -അദ്ദേഹം ചോദിച്ചു.

രാംപൂർ സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്റർ ആക്രമണ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ശരീഫ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും 2025 ഒക്ടോബറിലാണ് അലഹബാദ് ഹൈകോടതി വെറുതെവിട്ടത്. ഭീകരവാദ, കൊലപാതക കുറ്റങ്ങളിൽ നിന്ന് കോടതി ഇവരെ ഒഴിവാക്കിയിരുന്നു.

അതേസമയം, നിരോധിത ആയുധങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട ആംസ് ആക്ടിലെ വകുപ്പ് പ്രകാരം 10 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശരിവെച്ചു. എന്നാൽ, ഇതിനകം തടവിൽ കഴിഞ്ഞ കാലയളവ് പരിഗണിച്ച് ശിക്ഷ കാലാവധി പൂർത്തിയായതായി കണ്ട് 2025 നവംബറിൽ ശരീഫ് ബറേലി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി.

2007 ഡിസംബർ 31-ന്റെ രാത്രിയും 2008 ജനുവരി ഒന്നിന്റെ പുലർച്ചെയുമായാണ് രാംപൂർ സി.ആർ.പി.എഫ് ക്യാമ്പിൽ ആക്രമണം നടന്നത്. സംഭവത്തിൽ ഏഴ് സി.ആർ.പി.എഫ് ജവാന്മാരും റിക്ഷാ തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. 2019-ൽ വിചാരണക്കോടതി ശരീഫ് ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story