മാവോവാദി കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ജയിലിൽ മരിച്ചു
text_fieldsമുംബൈ: മാവോവാദി ബന്ധത്തിന്റെ പേരിൽ ജെ.എൻ.യു മുൻ പ്രഫസർ ജി.എൻ. സായിബാബക്കൊപ്പം നാഗ്പുർ ജയിലിൽ ജീവപര്യന്തം തടവനുഭവിക്കുന്ന പാണ്ടു നരോട്ടെ (33) പന്നിപ്പനി ബാധിച്ച് മരിച്ചു. നാഗ്പുർ സർക്കാർ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു മരണം.
രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും ബന്ധുക്കളെ വിവരമറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആകാശ് സൊർടെ ആരോപിച്ചു. ആരോഗ്യവാനായിരുന്ന പാണ്ടു നരോട്ടെക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് അധികൃതർ പറയുന്നില്ല. ചൊവ്വാഴ്ച ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ ചെന്നു കണ്ടിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, അധികൃതർ അത് സ്വീകരിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു. 2017 മാർച്ചിലാണ് ഗഡ്ചിറോളിയിലെ പ്രത്യേക കോടതി സായിബാബയും പാണ്ടുവുമടക്കം നാലുപേർക്ക് ജീവപര്യന്തം തടവ് വിധിച്ചത്.

