ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്ത കണ്ടെയ്നറുകൾ കഴുകി മാറ്റി വെച്ചു: വിവാദമായതോടെ ജീവനക്കാരനെ പിരിച്ചുവിട്ടു
text_fieldsന്യൂഡല്‍ഹി: ജോഗ്ബാനി അമൃത് ഭാരത് എക്സ്‍പ്രസില്‍ ഭക്ഷണം വിതരണം ചെയ്ത കണ്ടെയ്നറുകൾ കഴുകി വീണ്ടും ഉപയോഗിക്കുന്നതായി പരാതി. ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകി മാറ്റിവെക്കുന്ന വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഇന്ത്യൻ ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.
റെയിൽവേ കാന്റീനിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് യാത്രക്കാര്‍ക്കുള്ള വാഷ് ബേസിനിൽ ഭക്ഷണം വിതരണം ചെയ്യാനുപയോഗിക്കുന്ന ഫോയിൽ പാത്രങ്ങള്‍ കഴുകിയത്. ഇത് ഒരു യാത്രക്കാരന്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൃത്തിയാക്കിയ പാത്രങ്ങള്‍ ഇയാള്‍ വീണ്ടും ഉപയോഗിക്കുന്നതിനായി അടുക്കിവെക്കുന്നതും വിഡിയോയില്‍ കാണാം.
എന്തിനാണ് പാത്രങ്ങൾ വൃത്തിയാക്കുന്നതെന്ന് ചോദിച്ചപ്പോൾ തിരിച്ചയക്കാൻ വേണ്ടിയാണെന്ന് അവകാശപ്പെട്ടു. എന്നാൽ പാൻഡ്രിയിൽ നിന്നും കഴുകുന്നതിന് പകരമായി യാത്രക്കാരുടെ കമ്പാർട്ട്മെന്റിൽ നിന്നും കഴുകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ജീവനക്കാരന് ഉത്തരം മുട്ടി. വിഡിയോ വൈറലായതോടെ ഇന്ത്യൻ റെയിൽവേക്കും ഐ.ആർ.സി.ടിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതാണോ റെയിൽവേ മന്ത്രി പറയുന്ന സൗകര്യങ്ങളെന്ന് ദൃശ്യങ്ങള്‍ സഹിതം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ചോദിച്ചു. പൊതുജനങ്ങളിൽ നിന്ന് ടിക്കറ്റുകൾക്ക് മുഴുവൻ ചാർജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവൃത്തി നടക്കുന്നു. നാണക്കേട് തോന്നുന്നില്ലേയെന്ന് അശ്വിനി വൈഷ്ണവിനോട് കോണ്‍ഗ്രസ് ചോദിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തി.
വിഷയം അതീവ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ടെന്നും വിൽപ്പനക്കാരനെ തിരിച്ചറിഞ്ഞ് ഉടനടി നീക്കം ചെയ്തിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. കൂടാതെ ഭക്ഷണവിതരണത്തിന് ലൈസന്‍സ് എടുത്തയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്ന് കനത്ത പിഴയും ചുമത്തിയിട്ടുണ്ടെന്നും റെയില്‍വെ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ എക്സ് പോസ്റ്റിലായിരുന്നു റെയില്‍വെയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

