2500 രൂപക്ക് വാങ്ങിയ എൽ.പി.ജി സിലിണ്ടറിൽ ഗ്യാസിന് പകരം വെള്ളം -വിഡിയോ
text_fieldsമീററ്റ്: ഗാർഹിക ഉപയോഗത്തിനായി വാങ്ങിയ എൽ.പി.ജി സിലിണ്ടറിൽനിന്ന് ഗ്യാസിന് പകരം വെള്ളം പുറത്തേക്കൊഴുകുന്നുവെന്ന് ആരോപണം. 2500 രൂപക്ക് വാങ്ങിയ എൽ.പി.ജി സിലിണ്ടറിലാണ് ഗ്യാസിന് പകരം വെള്ളം നിറച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
മീററ്റിലെ താരാപുരി പ്രദേശത്താണ് സംഭവം. ഫാഹിം എന്ന തെരുവ് കച്ചവടക്കാരന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് തീർന്നു. തുടർന്ന് ഇയാൾ അംഗീകൃതമല്ലാത്ത ഒരു ഗ്യാസ് വിൽപ്പനക്കാരനിൽനിന്ന് 2500 രൂപകൊടുത്ത് 14 കിലോയുടെ എൽ.പി.ജി സിലിണ്ടർ വാങ്ങി. എന്നാൽ സിലിണ്ടർ സ്റ്റൗവുമായി ബന്ധിപ്പിച്ചെങ്കിലും തീപിടിക്കുന്നുണ്ടായിരുന്നില്ല. ആദ്യം സ്റ്റൗവിലോ റെഗുലേറ്ററിലോ എന്തെങ്കിലും പ്രശ്നമുണ്ടാകാമെന്നാണ് ഫാഹിം സംശയിച്ചത്. എന്നാൽ അതിന് കേടില്ലെന്ന് കണ്ടെത്തി.
ശേഷം സിലിണ്ടറിനെക്കുറിച്ച് സംശയം തോന്നിയതിനെത്തുടർന്ന് സിലിണ്ടർ തലകീഴായി തിരിച്ചപ്പോൾ വെള്ളം പുറത്തേക്കൊഴുകാൻ തുടങ്ങി എന്നാണ് ആക്ഷേപം. സിലിണ്ടറിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന വിഡിയോയും പുറത്തുവന്നു. സിലിണ്ടറിൽ ചെറിയ അളവിൽ ഗ്യാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കിയുള്ളത് വെള്ളമായിരുന്നെന്നുമാണ് ഇയാൾ ആരോപിക്കുന്നത്.
വിഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പലവിധത്തിലുള്ള ചർച്ചകളും നടന്നു. നിയമവിരുദ്ധമായി നടക്കുന്ന ഗ്യാസ് സിലിണ്ടർ വിൽപ്പനയെക്കുറിച്ച് ചില ആളുകൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ സുരക്ഷിതമായ, അംഗീകാരമുള്ള ഇടങ്ങളിൽനിന്ന് മാത്രമേ എൽ.പി.ജി സിലിണ്ടറുകൾ വാങ്ങാവൂ എന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നു. വിഡിയോ വ്യാജമാണെന്നു പറഞ്ഞും കമന്റുകൾ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

