പശുകടത്തിെൻറ പേരിൽ രാജസ്ഥാനിൽ വീണ്ടും ആൾക്കൂട്ടകൊല
text_fieldsആൾവാർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ഗോരക്ഷാ ഗുണ്ടകൾ മർദിച്ചു കൊലപ്പെടുത്തി. ആൾവാറിലെ രാംഗർ ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹരിയാന സ്വദേശി അക്ബർ ഖാൻ എന്നയാളാണ് മർദനമേറ്റു മരിച്ചത്.
സ്വദേശമായ ഹരിയാനയിലെ കോൽഗ്നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ് അക്ബറിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്ബർ ഖാെൻറ മൃതദേഹം ആൾവാറിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ആൾവാറിൽ പശുവിനെ കടത്തിയെന്ന പേരിൽ പെഹ്ലുഖാൻ എന്ന വൃദ്ധനെ ഗോരക്ഷാ പ്രവർത്തകർ മർദിച്ചു കൊലപ്പെടുത്തിയിരുന്നു.
ആൾക്കൂട്ടകൊലകൾക്കെതിരെ സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ട് രണ്ടുദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.
