ശുചിമുറിയിലിരുന്ന് വിഡിയോ കോൺഫറൻസ് വഴി കോടതി നടപടികളിൽ പങ്കെടുത്ത് പരാതിക്കാരൻ, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
text_fieldsഅഹമ്മദാബാദ്: വിഡിയോ കോൺഫറൻസ് വഴി ഗുജറാത്ത് ഹൈകോടതി നടപടികളിൽ പങ്കെടുത്ത പരാതിക്കാരന്‍റെ വിഡിയോ സോഷ്യൽ മീഡിയ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സൂം മീറ്റിങ്ങിൽ സമദ് ബാറ്ററി എന്ന പേരിൽ ലോഗ് ചെയ്തയാൾ ശുചിമുറിയിലിരുന്നുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുക്കുന്നത്. ബ്ലൂടൂത്ത് സ്പീക്കർ ചെവിയിൽ വെച്ച് ടോയ്‍ലെററിലെത്തുന്ന ഇയാൾ സൗകര്യപ്രദമായ രീതിയിൽ ഫോൺ കാമറ വൈഡ് ആംഗിളിൽ വെച്ചുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുക്കുന്നത്.
ചെക്ക് മടങ്ങിയ കേസിൽ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്‍റെ നടപടികളിലേക്ക് കടക്കവെ ഇയാൾ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.
വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. കോടതിയിലെ ശുചിമുറികൾ പത്തുദിവസമെങ്കിലും വൃത്തിയാക്കുക എന്ന ശിക്ഷയാണ് ഇവന് നൽകേണ്ടതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. രോഹിത് ശർമ എന്ന നിയമ വിദ്യാർഥി സമദിന് തക്കതായ ശിക്ഷ നൽകണമെന്ന് പറയുന്നു. കോടതിയലക്ഷ്യത്തിന് സമദിന് നല്ല ശിക്ഷ നൽകണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.

