സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsഗച്ചിറോളി: ഇന്ദ്രാവതി നദിയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തിക്കടുത്തുള്ള സിറോച്ച താലൂക്കിലെ ഇന്ദ്രാവതി നദിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചക്കാണ് ആക്രമണം ഉണ്ടായത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ അട്ടുപള്ളി നിവാസിയായ സമിത് അംബാല (22) എന്ന യുവാവ് ആണ് മരിച്ചത്.
സമിത് പതിവുപോലെ മീൻ പിടിക്കാൻ കൂട്ടുകാർക്കൊപ്പം നദിക്കരയിലേക്ക് പോയതായിരുന്നു. വല എറിയുന്നതിനിടെ അപ്രതീക്ഷിതമായി മുതല അവനെ ആക്രമിക്കുകയായിരുന്നു. ശേഷം മുതല അയാളുടെ വലതു കാൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂട്ടുകാർ നിലവിളിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുകയും ചെയ്തു. എങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അപ്പോഴേക്കും മുതല അവനെ വെള്ളത്തിനടിയിലേക്ക് വലിച്ചു കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടം തന്നെ സ്ഥലത്ത് തടിച്ചുകൂടി.
രക്ഷാപ്രവർത്തനങ്ങൾ മണിക്കൂറുകൾ തുടർന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട തീവ്ര ശ്രമത്തിനൊടുവിലാണ് ഗ്രാമവാസികൾക്ക് യുവാവിൻ്റെ മൃതദേഹം നദിയിൽ നിന്ന് പുറത്തെടുക്കാനായത്. മുതലയുടെ ആക്രമണത്തിൽ യുവാവിൻ്റെ വലതു കാലിന് ഒടിവ് സംഭവിച്ചു. സിറോച്ച താലൂക്കിൻ്റെയും ഛത്തീസ്ഗഡ് സംസ്ഥാനത്തിൻ്റെയും അതിർത്തിയോട് ചേർന്നാണ് ഇന്ദ്രാവതി നദി ഒഴുകുന്നത്. സിറോച്ച താലൂക്കിലാണ് സോമൻപള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനു എതിർവശത്താണ് അട്ടുപള്ളി ഗ്രാമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.